യെമനിലെ ഹൂതികൾ കീഴടങ്ങിയ സാഹചര്യത്തിൽ അവർക്കെതിരായ ആക്രമണം അമേരിക്ക നിർത്തുമെന്ന് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുമായി വെടിനിർത്തൽ ഉണ്ടാക്കിയതായി ഒമാൻ സ്ഥിരീകരിച്ചു. “ഹൂതികൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അത് മാനിക്കും. അവർ കീഴടങ്ങിയ സാഹചര്യത്തിൽ ഞങ്ങൾ ബോംബാക്രമണങ്ങൾ നിർത്തും” – വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി, മാർക്ക് കാർണിക്കൊപ്പം സംസാരിച്ച ട്രംപ് പറഞ്ഞു.
“കരാർ അർഥമാക്കുന്നത് ഇരുപക്ഷവും പരസ്പരം ലക്ഷ്യം വയ്ക്കില്ല എന്നാണ്. നാവിഗേഷൻ സ്വാതന്ത്ര്യവും അന്താരാഷ്ട്ര വാണിജ്യ ഷിപ്പിംഗിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നു” എന്ന് ഒമാനി വിദേശകാര്യ മന്ത്രി ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതു. എന്നാൽ ഹൂതികൾ ഇതുവരെ ഇതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. മാർച്ചിൽ ഹൂതികൾക്കെതിരായ വ്യോമാക്രമണം യു എസ് ശക്തമാക്കിയിരുന്നു.