ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം നിലനിൽക്കേ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ അവസാനിച്ചു. കേരളത്തിൽ പതിനാല് ജില്ലകളിലും നാല് മണിയോടെ തന്നെ മോക്ക് ഡ്രിൽ തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് 126 ഇടങ്ങളിലാണ് മോക്ക് ഡ്രില്‍ നടന്നത്. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങി. അപകട സൈറൺ മുഴങ്ങിയതോടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ചു. നഗരങ്ങളിൽ തിരക്കേറിയ ഇടങ്ങളിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. 4.30 വരെ മോക്ക് ഡ്രിൽ നീണ്ടു നിന്നു.
ഇതിനു മുൻപ് മോക്ക് ഡ്രിൽ നടന്നത് 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ്. അന്ന് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നിരുന്നു. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.