ഏതു നിമിഷവും പാക്കിസ്ഥാനിൽ നിന്ന് ഒരു ആക്രമണം ഉണ്ടായേക്കാമെന്നതിനാൽ തിരിച്ചടിയെ പ്രതിരോധിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യ. കര-വ്യോമ-കടൽമേഖലകളിലുടനീളം ഇന്ത്യ പ്രതിരോധം ശക്തമാക്കി. വ്യോമപ്രതിരോധശൃംഖല പൂർണ്ണമായും സജീവമാക്കുകയും അറബിക്കടലിൽ നിരവധി മുൻനിര യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും ചെയ്തു. അതിർത്തിയിലെ കാലാൾപട യൂണിറ്റുകളും പൂർണ്ണമായും സജ്ജമാക്കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ ആണവായുധശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് പോലും അതീവജാഗ്രതയിലാണ്.
“ഇന്ത്യ പ്രതികരണത്തിന്റെ കാര്യത്തിൽ ഗണ്യമായ സംയമനം പാലിച്ചു. എന്നിരുന്നാലും, പാക്കിസ്ഥാന്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കു മറുപടി നൽകാൻ ഇന്ത്യൻ സായുധസേന പൂർണ്ണമായും സജ്ജമായിത്തന്നെ ഇരിക്കുകയാണ്” – വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബ്രീഫിംഗിൽ ഹെലികോപ്റ്റർ പൈലറ്റും വിംഗ് കമാൻഡറുമായ വ്യോമിക സിംഗ് മുന്നറിയിപ്പ് നൽകി.
സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. മെയ് ഒൻപതു വരെ ഈ വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കും. ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭൂന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, ഗഗ്ഗല്‍, ഭട്ടിന്‍ഡ, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്തര്‍, കാണ്ട്ല, കേശോദ്, ഭുജ്, തോയിസ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.