കാശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ മാരകമായ ആക്രമണത്തിനുശേഷം ഇന്നലെ പുലർച്ചെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ച് ആഗോളനേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ.
യു എസ്
“ഇതൊരു നാണക്കേടാണ്. ഇരുരാജ്യങ്ങളും വളരെക്കാലമായി തമ്മിൽ പോരാടുന്നു. ഈ പോരാട്ടം അപമാനകരമാണ്. ഇത് വളരെ വേഗം അവസാനിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു” – യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
“ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള സ്ഥിതി ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വേഗത്തിൽ അവസാനിക്കണം. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ പ്രശ്നപരിഹാരത്തിനായി ശ്രമിക്കും” – യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ.
ഇസ്രായേൽ
ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇസ്രയേൽ അറിയിച്ചു. “നിരപരാധികൾക്കെതിരെ ഭീകരർ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് അവർക്ക് ഒരിക്കലും ഓടിയൊളിക്കാൻ സാധിക്കില്ല” – ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു.
ഈജിപ്ത്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങൾ ഈജിപ്ത് വളരെയധികം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ഇരുപക്ഷവും പരമാവധി സംയമനം പാലിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ സംഭാഷണം നിലനിർത്താനും ഈജിപ്ത് ആഹ്വാനം ചെയ്യുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കുന്നതിനും ശ്രമങ്ങൾ നടത്തേണ്ടതിനെ കുറിച്ച് മന്ത്രാലയം ഊന്നിപ്പറയുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്ര സഭ
നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരുരാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിനു താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ ഗുരുതരമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വേഗത്തിലുള്ള നയതന്ത്രപാത കണ്ടെത്തുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കാനും നേരിട്ടുള്ള സംഭാഷണത്തിൽ ഏർപ്പെടാനും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അഭ്യർഥിച്ചു. പ്രാദേശിക സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും എല്ലാ കക്ഷികളും അടിയന്തിരമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം
പഹൽഗാമിനടുത്തുള്ള ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വർധിക്കുന്നതിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ സംയമനം പാലിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ഞങ്ങൾ അഭ്യർഥിക്കുന്നു എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.