ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനു പിന്നാലെ അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മോദിയെയും മൂന്ന് സായുധസേനകളെയും അഭിനന്ദിച്ച് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് നൂറു ഭീകരരെയെങ്കിലും വധിച്ചതായി സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും ലക്ഷ്യങ്ങൾക്കെതിരെ ഇന്ത്യൻ സായുധസേന നടത്തിയ ആക്രമണങ്ങൾ നമ്മുടെ അതിർത്തികളെയും സൈന്യത്തെയും പൗരന്മാരെയും വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നവർക്കുള്ള ഇന്ത്യയുടെ ഉചിതമായ മറുപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ അവഗണിക്കാതെ, ഉചിതമായ മറുപടി നൽകി, ലോകത്തിനു ശക്തമായ സന്ദേശം നൽകിയതായും ഷാ പറഞ്ഞു. ഈ സമയത്ത് രാജ്യം കാണിക്കുന്ന ഐക്യം രാജ്യത്തെ ജനങ്ങളുടെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സായുധസേന നടത്തിയ ഓപ്പറേഷനിൽ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ പരിശീലന ക്യാമ്പുകൾ, ആയുധകേന്ദ്രങ്ങൾ, ഒളിത്താവളങ്ങൾ എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല.