Saturday, May 10, 2025

“ശാന്തപ്രകൃതം, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം”: പുതിയ പാപ്പയുമായി സംസാരിച്ചിട്ടുള്ള മലയാളികൾ പറയുന്നു

“ശാന്തപ്രകൃതം, എളിമയോടെയുള്ള പെരുമാറ്റം, എല്ലാവർക്കും സമീപസ്ഥനായ വ്യക്തി, പുഞ്ചിരിക്കുന്ന മുഖം.” പുതിയ പാപ്പയെ, അദ്ദേഹം പാപ്പ ആയി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് കണ്ടിട്ടുള്ളവരും സംസാരിച്ചിട്ടുള്ളവരും ഒന്നടങ്കം പറയുന്നു. മാർപാപ്പയാകുന്നതിനു മുൻപേ രണ്ടുപ്രാവശ്യം ഇന്ത്യയിൽ വന്ന, കേരളത്തിൽ താമസിച്ച ആളാണ് റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന ലെയോ പതിനാലാമൻ. അഗസ്റ്റീനിയൻ സമൂഹത്തിന്റെ പ്രിയോർ ജനറൽ ആയിരുന്ന വേളയിലാണ് അദ്ദേഹം രണ്ടുപ്രാവശ്യം കേരളം സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ലഭിച്ച അഗസ്സ്റ്റീനിയൻ വൈദികൻ ഫാ. ജെയ്‌സൺ ഒ എസ് എ, എ എസ് എ സന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ സി. തെരസിറ്റ, സി. ബിന്ദു എ എസ് എ എന്നിവർ പാപ്പയോടൊപ്പമുള്ള തങ്ങളുടെ അന്നത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

“എന്റെ സീനിയർ ബാച്ചിന്റെ തിരുപ്പട്ട സ്വീകരണ സമയത്താണ് അന്ന് പ്രിയോർ ജനറൽ ആയിരുന്ന ഫാ. റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ആലുവയിലെ ആശ്രമത്തിൽ വരികയും താമസിക്കുകയും ചെയ്തു. 2004 ഏപ്രിൽ 21 ന് കർതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിലായിരുന്നു തിരുപ്പട്ട സ്വീകരണം. അന്ന് അദ്ദേഹം അവിടെ വിശുദ്ധ ബലിയർപ്പിക്കുകയും തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവിടെ ചിലവഴിക്കുകയും ചെയ്തു. പിന്നീട് കൊച്ചിയിലെ മൈനർ സെമിനാരി, പൊള്ളാച്ചിയിലെ സ്‌കൂൾ എന്നിവിടങ്ങളും അന്ന് അദ്ദേഹം സന്ദർശിച്ചു” – ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സമൂഹാംഗമായ ഫാ. ജെയ്‌സൺ പറയുന്നു. ഫാ. ജെയ്‌സൺ ഇപ്പോൾ മരിയാപുരം ഇടവകയുടെ വികാരിയാണ്.

കഴിഞ്ഞ മൂന്നുവർഷമായി അഗസ്റ്റീനിയൻ സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ് ഹോളി അനൗൺസിയേഷൻ (എ എസ് എ) സന്യാസിനീ സമൂഹത്തിന്റെ മദർ ജനറൽ ആയിരിക്കുന്ന സി. തെരസിറ്റയ്ക്കും പുതിയ പാപ്പ കേരളത്തില്‍ വന്ന സമയത്ത് കാണാനും അടുത്തിടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. അവരുടെ സന്യാസാശ്രമ ശ്രേഷ്ഠനായിരുന്നു അദ്ദേഹം. പുതിയ പാപ്പയെക്കുറിച്ചു ചോദിച്ചപ്പോൾ സിസ്റ്റർ എഡിറ്റ് കേരളയുമായി പങ്കുവച്ചത് ഇപ്രകാരമാണ്: “ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരു പാപ്പ വന്നിരിക്കുന്നു. ഞങ്ങളുടെ സ്വന്തം സഹോദരനാണ്. ആരെയും മാറ്റിനിർത്താതെ സ്നേഹിക്കുന്ന ആളാണ് പുതിയ പാപ്പ. കത്തോലിക്കാ സഭയ്ക്കും ലോകത്തിനും വലിയ മുതൽക്കൂട്ടാണ് അദ്ദേഹം.”

“ഞങ്ങൾ അഗസ്റ്റീനിയൻ കുടുംബാംഗങ്ങൾക്ക് വളരെയധികം സന്തോഷവും ഒപ്പം പുതിയ പാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാൻ ഏറെ ഉത്തരവാദിത്വവുമുണ്ട്. കേരളത്തിൽ വന്നപ്പോൾ ഞങ്ങളെ സന്ദർശിച്ചു, ഞങ്ങളുടെ കൂടെ ആയിരുന്നിട്ടുണ്ട്. അതൊക്കെ ഒരു വലിയ അനുഗ്രഹമായിട്ടാണ് ഞങ്ങൾക്കിപ്പോൾ തോന്നുന്നത്. കണ്ടപ്പോൾ സുഖവിവരങ്ങൾ അന്വേഷിക്കുകയൊക്കെ ചെയ്തു. നമ്മുടെ ഒപ്പം നിൽക്കുന്ന ഒരു സഹോദരനായിട്ടാണ് തോന്നുകയുള്ളൂ. അത്രമാത്രം ലാളിത്യമാർന്ന ഇടപെടലാണ് അദ്ദേഹത്തിന്റേത്” – നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള സി. ബിന്ദു എ എസ് എ പറയുന്നു.

അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയിരുന്ന അവസരത്തിൽ കേരളം സന്ദർശിച്ച പുതിയ മാർപാപ്പ മലയാളക്കരയുടെ മനമറിഞ്ഞ ആളാണ്, മലയാളികളെ പരിചയമുള്ള ആളാണ്. ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയന് ആശംസകളും ആദരവുകളും പ്രാർഥനകളും!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News