ജമ്മുകാശ്മീരില്‍ ആശങ്ക പടര്‍ത്തി സാധാരണക്കാര്‍ക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരര്‍ വെടിവച്ചുകൊന്നു. കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാര്‍. പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതോടെ ഒരാഴ്ച്ചക്കിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം മൂന്നായി.
മെയ് 25 ന് ടിവിതാരം അമ്രീന ഭട്ട് ബദ്ഗാമിലും മെയ് 31ന് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. രാവിലെ ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. സൈനികര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. വാടകയ്‌ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.
ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ നാളെ വിലയിരുത്താനിരിക്കെയാണ് താഴ്വരയില്‍നിന്നും ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍ വരുന്നത്.