‘ഓപ്പറേഷൻ സിന്ദൂർ’നെ തുടർന്ന് ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സമൂഹമാധ്യമമായ എക്‌സിന്റെ, ഇന്ത്യയിലെ എണ്ണായിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. അന്താരാഷ്ട്ര വാർത്താസംഘടനകളുടെയും പ്രമുഖ എക്സ് ഉപയോക്താക്കളുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ ഇന്ത്യയിലെ എണ്ണായിരത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കമ്പനിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ സർക്കാരിൽനിന്ന് എക്സിക്യൂട്ടീവ് ഉത്തരവുകൾ ലഭിച്ചതായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് അറിയിച്ചു.
“ഉത്തരവുകൾ പാലിക്കുന്നതിനായി, ഇന്ത്യയിൽ മാത്രം നിർദിഷ്ട അക്കൗണ്ടുകൾ ഞങ്ങൾ തടഞ്ഞുവയ്ക്കും. ആ പ്രക്രിയ ഞങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എന്നിരുന്നാലും, ഇന്ത്യൻ സർക്കാരിന്റെ ആവശ്യങ്ങളോട് ഞങ്ങൾ വിയോജിക്കുന്നു” – കമ്പനി അവരുടെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് ഹാൻഡിലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. എന്നാല്‍ പല ഉത്തരവുകളിലും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഉള്ളടക്കം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്തപക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാര്‍ക്ക് പിഴയും ജയില്‍ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു.