റഷ്യ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ റഷ്യയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. സാമ്പത്തിക സേവനങ്ങളും എണ്ണയും വാതകവും സാധ്യമായ ലക്ഷ്യങ്ങളായി മാക്രോൺ പരാമർശിച്ചു.
“മോസ്കോ വെടിനിർത്തൽ നടപ്പാക്കാൻ വിസമ്മതിച്ചാൽ, വരും ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം” എന്നാണ് മാക്രോൺ പറഞ്ഞത്. പുടിൻ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ യൂറോപ്യൻ സഖ്യകക്ഷികൾ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ കർശനമാക്കുമെന്ന് നേരത്തെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞതിന് സമാനമാണ് മാക്രോണിന്റെ ഈ അഭിപ്രായങ്ങളും. ഊർജ്ജം, സാമ്പത്തിക വിപണികൾ തുടങ്ങിയ മേഖലകളെ സാധ്യമായ ലക്ഷ്യങ്ങളായി മെർസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ മേഖലകളിൽ പുതിയ ഉപരോധങ്ങൾ നിർദ്ദേശിക്കാൻ യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ടതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് തിങ്കളാഴ്ച പറഞ്ഞു. 30 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം റഷ്യ ചെവിക്കൊണ്ടില്ലെങ്കിൽ പുതിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നാണ് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കൾ ശനിയാഴ്ച പറഞ്ഞത്.