ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വിദേശകാര്യ മന്ത്രാലയം (MEA) പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ “പേഴ്സണ നോൺ ഗ്രാറ്റ” (PNG) ആയി പ്രഖ്യാപിക്കുകയും ചാരവൃത്തി ആരോപിച്ച് പുറത്താക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് പുറത്താക്കിയത്.
പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെക്കുറിച്ചുള്ള തീരുമാനം പാക്കിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് വാറൈച്ചിനെ അറിയിച്ചു. ജീവനക്കാരനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട ഹൈക്കമ്മീഷൻ ജീവനക്കാരൻ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകുക മാത്രമല്ല പഞ്ചാബിൽ അറസ്റ്റിലായ രണ്ട് ആളുകളുമായി ബന്ധമുള്ളതായും വൃത്തങ്ങൾ പറഞ്ഞു.
മെയ് 7 മുതൽ ഇന്ത്യൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും വൻതോതിലുള്ള സൈനിക നീക്കങ്ങളും അതിർത്തി കടന്നുള്ള സൈനിക നടപടികളും അതിർത്തിയിലെ സൈനിക വിന്യാസവും കണക്കിലെടുക്കുമ്പോൾ ഈ കേസ് പ്രാധാന്യമർഹിക്കുന്നുണ്ട്.