യുദ്ധം തുടങ്ങി മൂന്നുവർഷങ്ങൾക്കു ശേഷമുള്ള ആദ്യ ചർച്ചകൾക്കായി യുക്രേനിയൻ, റഷ്യൻ ഉദ്യോഗസ്ഥർ തുർക്കിയിൽ കൂടിക്കാഴ്ച നടത്തി. തുർക്കിയിൽനിന്നും അമേരിക്കയിൽനിന്നുമുള്ള സമ്മർദത്തിനു വഴങ്ങിയാണ് ഇരുകക്ഷികളും ചർച്ചയ്ക്കു തയ്യാറായത്.
രണ്ടുമണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചയിൽ പരസ്പരം ധാരണയായത് തടവുകാരുടെ കൈമാറ്റം മാത്രമായിരുന്നു. ഒരു യുക്രേനിയൻ ഓഫിസറുടെ അഭിപ്രായത്തിൽ, ക്രെംലിൻ ‘പുതിയതും അസ്വീകാര്യവുമായ ആവശ്യങ്ങൾ’ മുന്നോട്ടുവച്ചു. വെടിനിർത്തലിനു പകരമായി സ്വന്തം പ്രദേശത്തിന്റെ വലിയ ഭാഗങ്ങളിൽനിന്ന് കീവ് സൈന്യത്തെ പിൻവലിക്കണമെന്ന് നിർബന്ധിക്കുന്നത് ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ, വെടിനിർത്തൽ എന്ന നിർണ്ണായക വിഷയത്തിൽ ഒരു വഴിത്തിരിവും ഉണ്ടായില്ലെങ്കിലും ഓരോ പക്ഷവും ആയിരം യുദ്ധത്തടവുകാരെ വീതം മറുവശത്തേക്ക് തിരിച്ചയയ്ക്കും.
അതേസമയം, കൈമാറ്റം ഉടൻ നടക്കുമെന്ന് തന്റെ രാജ്യത്തിന്റെ പ്രതിനിധിസംഘത്തെ നയിച്ച യുക്രൈൻ പ്രതിരോധമന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. ‘അടുത്ത ഘട്ടം’ സെലൻസ്കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്താംബൂളിലെ ബോസ്ഫറസിന്റെ തീരത്തുള്ള ഒരു ഓട്ടോമൻ കാലഘട്ടത്തിലെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.