ചിക്കാഗോയിൽ ലെയോ പതിനാലാമൻ മാർപാപ്പ ബാല്യകാലം ചിലവഴിച്ച വീട് ലേലത്തിൽ വച്ചു. യു എസിലെ ചിക്കാഗോയിലെ ഡോൾട്ടണിൽ സ്ഥിതിചെയ്യുന്ന, ലെയോ പതിനാലാമൻ പാപ്പ വളർന്ന വീട്, ജൂൺ വരെ തുറന്നിരിക്കുന്ന ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാൾക്കു വിൽക്കും. ഈ വീട് ആദ്യം വിപണിയിൽ ലിസ്റ്റ് ചെയ്തത് 1,99,000 യു എസ് ഡോളറിനാണ്.
ന്യൂയോർക്ക് ടൈംസ് (NYT) പ്രകാരം 2017 ൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വളർന്ന വീട് ദശലക്ഷക്കണക്കിനു ഡോളറിനു വിറ്റ അതേ കമ്പനിക്കു തന്നെയായിരിക്കും മൂന്നു കിടപ്പുമുറികളുള്ള ഈ ചെറിയ വീട് വിൽക്കുന്നതിനും ചുമതലയുള്ളത്. വീടിന്റെ ഇപ്പോഴത്തെ ഉടമ കത്തോലിക്ക സഭയുടെ പുതിയ പാപ്പയായി കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ട ദിവസം, പുതിയ പാപ്പയുടെ ബാല്യകാലം തന്റെ ഈ ചെറിയ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി. ഈ വീടിനുള്ള ഓഫറുകൾ ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ട്. ജൂൺ 18 ന് ലേലം അവസാനിക്കും.