റഷ്യയുടെ അധിനിവേശം നൂറുദിവസം പിന്നിടുമ്പോഴും യുക്രെയ്നില്‍ വെടിയൊച്ചകളും മിസൈല്‍ ആക്രമണങ്ങളും തുടരുന്നു. യുക്രെയ്ന് നഗരങ്ങളുടെ നിയന്ത്രണത്തിനായി റഷ്യയുടെ ആക്രമണം തുടരുകയാണ്. പടിഞ്ഞാറന്‍ ലിവിവില്‍ റെയില്‍പ്പാതകള്‍ റഷ്യ ബോംബിട്ടു തകര്‍ത്തു. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു.
യുക്രെയ്ന് പാശ്ചാത്യരാജ്യങ്ങള്‍ ആയുധങ്ങള്‍ എത്തിച്ചിരുന്ന മേഖലയെന്ന നിലയിലാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തില്‍ നാശനഷ്ടം പരിശോധിച്ചുവരികയാണെന്നും മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുക മാത്രമാണ് ഉണ്ടായതെന്നും യുക്രെയ്ന് റെയില്‍വേ പറഞ്ഞു. സെവറോഡൊണേട്സ്കിന്റെ ഭൂരിഭാഗവും അധിനിവേശസേനയുടെ നിയന്ത്രണത്തിലായതായി ലുഹാന്‍സ്ക് പ്രാദേശിക ഗവര്‍ണര്‍ സെര്‍ഹി ഹൈദായ് പറഞ്ഞു.
ഡോണ്‍ബാസിനെ ഒഴിച്ചുനിര്‍ത്തിയാല്‍ യുക്രെയ്നിലെമ്പാടും ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെ റഷ്യന്‍സേന വര്‍ഷിക്കുകയാണെന്നു യുകെ പ്രതിരോധമന്ത്രാലവും പറഞ്ഞു. ഖാര്‍കീവില്‍ സ്കൂളില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ഖാര്‍കീവിന്റെ മറ്റുമേഖലകളിലും ആക്രമണം തുടരുകയാണെന്ന് യുക്രെയ്ന് അധികൃതര്‍ വ്യക്തമാക്കി.