ഒരാൾ ഡയറ്റ് തുടങ്ങുന്ന അന്നുമുതൽ ആ വ്യക്തിയുടെ പ്രധാന ഭക്ഷണം വെള്ളരിക്ക ആയിരിക്കും. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നതിനാലും അത് പോഷകസമൃദ്ധമായതിനാലും ഡയറ്റീഷ്യൻ, ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതും വെള്ളരിക്ക തന്നെയായിരിക്കും. വെള്ളരിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരം കുറയ്ക്കാനും മലബന്ധം തടയാനും സഹായിക്കും. മാത്രമല്ല, നാം പ്രതീക്ഷിക്കാത്ത അനേകം ഗുണങ്ങളും വെള്ളരിക്കയ്ക്കുണ്ട്. അതിൽ ചിലത് നമുക്ക് പരിചയപ്പെടാം.
പോഷകസമ്പുഷ്ടമായ വെള്ളരിക്ക
വെള്ളരിക്കയിൽ കലോറി കുറവാണ്. എന്നാൽ, പ്രധാനപ്പെട്ട നിരവധി വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുമുണ്ട്. വെള്ളരിക്കയുടെ ഏകദേശം 96 ശതമാനവും വെള്ളമാണ്. പോഷകങ്ങളുടെ അളവ് പരമാവധിയാക്കാൻ, വെള്ളരിക്ക തൊലി കളയാതെ കഴിക്കണമെന്നും പറയാറുണ്ട്. തൊലി കളയുന്നത് നാരുകളുടെ അളവ് കുറയ്ക്കുന്നതിനൊപ്പം ചില വിറ്റാമിനുകളും ധാതുക്കളും കുറയ്ക്കുന്നു.
ആന്റിഓക്സിഡന്റുകൾ
വെള്ളരിക്ക ഉൾപ്പെടെയുള്ള പഴങ്ങളിലും പച്ചക്കറികളിലും നമുക്ക് ഗുണം ചെയ്യുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, ഫ്രീ റാഡിക്കലുകൾ എന്നിവ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് വെള്ളരിക്ക.
ജലാംശം നിറഞ്ഞത്
ഒരു മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമായ ഒന്നാണ് വെള്ളം. നമ്മുടെ ശരീരത്തിൽ വെള്ളം ഒരു പ്രധാനപങ്കു വഹിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ, വെള്ളത്തിനുപകരം മറ്റൊരു ബദൽ സംവിധാനം ആവശ്യമുള്ളപ്പോഴോ വെള്ളരിക്ക ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. വെള്ളരിക്ക കഷണങ്ങൾ വെള്ളത്തിൽ കലർത്തിയുണ്ടാക്കുന്ന വെള്ളരിക്ക വെള്ളം നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. കാരണം അവയിൽ കലോറി വളരെ കുറവാണ്. സലാഡുകൾ, സാൻഡ്വിച്ചുകൾ, സൈഡ് ഡിഷുകൾ എന്നിവയ്ക്ക് പുതുമയും സ്വാദും നൽകാൻ വെള്ളരിക്കയ്ക്കു കഴിയും. കൂടാതെ ഉയർന്ന കലോറിയുള്ള ഇതരമാർഗങ്ങൾക്കു പകരമായും ഇത് ഉപയോഗിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തിന്റെ ചില സങ്കീർണ്ണതകൾ തടയാനും വെള്ളരിക്ക സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെള്ളരിക്ക കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജി ഐ) ഉള്ള കുറഞ്ഞ കാർബോഹൈഡ്രേറ്റ് പച്ചക്കറിയാണ്. മാത്രമല്ല, ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.