ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പർവതങ്ങളിലൊന്നായ നേപ്പാളിലെ മൗണ്ട് ലോട്ട്‌സെയിൽ ഒരു ഇന്ത്യക്കാരനും ഒരു റൊമാനിയൻ പർവതാരോഹകനും മരിച്ചു. ഇതോടെ ഈ വർഷത്തെ ഹിമാലയൻ പർവതാരോഹണ സീസണിൽ മരിച്ചവരുടെ എണ്ണം എട്ടായി.
8,516 മീറ്റർ (27,940 അടി) ഉയരമുള്ള ലോട്ട്‌സെയുടെ കൊടുമുടിയിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇന്ത്യക്കാരനായ പർവതാരോഹകൻ രാകേഷ് കുമാർ (39) മരിച്ചതെന്ന് പര്യവേഷണ സംഘാടകനായ മകാലു അഡ്വഞ്ചർ പറഞ്ഞു. പരിചയസമ്പന്നനായ പർവത ഗൈഡായ ‘ഷെർപ്പ ഗൈഡിന്റെ’ സഹായത്തോടെ അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേദിവസം തന്നെ റൊമാനിയൻ പർവതാരോഹകനായ ബർണ സോൾട്ട് വാഗോ (48) യും പർവതാരോഹണത്തിനിടെ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ പര്യവേഷണം കൈകാര്യം ചെയ്ത ഏജൻസിയായ ഹിമാലയൻ ഗൈഡ്‌സിലെ രാജൻ ഭട്ടറായി അറിയിച്ചു. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.