Sunday, May 25, 2025

ഉത്തര കൊറിയയിലെ മതപീഡനങ്ങളുടെ കാണാക്കാഴ്ചകൾ

ക്രൈസ്തവർക്ക് ഉത്തര കൊറിയ ഇത്ര അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നും സുവിശേഷപ്രചാരകരെ പീഡിപ്പിക്കുന്നവർക്കെതിരെ ഭരണകൂടം നിയമനടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും അറിയാമോ?

ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റിൽ, 30 വർഷത്തിലേറെയായി ക്രൈസ്തവർക്ക് ഏറ്റവും അപകടം നിറഞ്ഞ 50 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ. യേശുവിലുള്ള വിശ്വാസം ഉൾപ്പെടെ എല്ലാത്തിനും മുകളിൽ കിം എന്ന കുടുംബവാഴ്ച നിലകൊള്ളുന്ന – 60 വർഷത്തെ ക്രൂരമായ സ്വേച്ഛാധിപത്യഭരണമുള്ള – രാജ്യമാണിത്. രാജ്യത്തിന്റെ ഇപ്പോഴത്തെ നേതാവ് കിം ജോങ് ഉൻ 2011 മുതൽ തന്റെ അധികാരമുപയോഗിച്ച് ഉത്തര കൊറിയയിലെ ക്രൈസ്തവരെ പീഡിപ്പിക്കുന്നതു തുടരുകയാണ്.

അടുത്തിടെ, ഉത്തര കൊറിയയ്‌ക്കായുള്ള ഓപ്പൺ ഡോർസിന്റെ ഫീൽഡ് ടീം അംഗങ്ങൾ പ്രമുഖ ഉത്തര കൊറിയൻ നിരീക്ഷണസംഘങ്ങളിലൊന്നായ ഡെയ്‌ലി എൻ‌ കെ യുടെ ഡയറക്ടർ ലീ സാങ്-യോങ്ങുമായി സംസാരിച്ചിരുന്നു. അവിടെ ക്രൈസ്തവർ ഉൾപ്പെടെയുള്ള എല്ലാവരുടെയും അവസ്ഥയെക്കുറിച്ച് ലീക്ക് അറിയാം. ഉത്തര കൊറിയയിൽ വിശ്വാസികൾ, പ്രത്യേകിച്ച് ക്രൈസ്തവർ കടുത്ത പീഡനമാണ് നേരിടുന്നത്. 2023 ൽ ചൈനയിൽനിന്നു തിരിച്ചയച്ചവരെ ക്രിസ്തുമതവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു കണ്ടെത്തിയാൽ രാഷ്ട്രീയ ജയിൽക്യാമ്പുകളിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽതന്നെ ക്രൈസ്തവർക്ക് ഏറ്റവും മോശം രാജ്യമായി ഉത്തര കൊറിയ കണക്കാക്കപ്പെടുന്നു. അവിടെ വിശ്വാസികളെ ‘ശത്രുവർഗം’ ആയി തരംതിരിക്കുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്നു.

ഉത്തര കൊറിയയുടെ ഭരണഘടനയിൽ മതസ്വാതന്ത്ര്യം അനുവദിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രാജ്യം മതത്തെ ഭരണകൂടത്തിന് ഒരു ഭീഷണിയായാണ് കാണുന്നത്. ക്രിസ്തുമതത്തെയും മറ്റു വിശ്വാസങ്ങളെയും ഭരണകൂടത്തോടുള്ള വിശ്വസ്തതയെ ദുർബലപ്പെടുത്തുന്ന ‘അപകടകരമായ സ്വാധീനങ്ങൾ’ എന്ന് തെറ്റായി മുദ്രകുത്തുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ചാരന്മാരായി മതവിശ്വാസികളെ ചിത്രീകരിക്കുന്ന പ്രചാരണ സിനിമകൾപോലും സർക്കാർ നിർമ്മിക്കുന്നു.

ഉത്തര കൊറിയൻ നിയമങ്ങളിൽ വരുത്തിയ സമീപകാല മാറ്റങ്ങൾ, അതിൽ റിയാക്ഷണറി ഐഡിയോളജി ആൻഡ് കൾച്ചർ റിജക്ഷൻ ആക്ട് മതവിശ്വാസങ്ങൾ ഉൾപ്പെടെയുള്ള വിദേശസ്വാധീനം തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. 2020 ഡിസംബറിൽ നടപ്പിലാക്കിയ ഈ നിയമം, മതപരമായ വസ്തുക്കളുടെ വിതരണം അല്ലെങ്കിൽ കൈവശം വയ്ക്കൽ എന്നിവ കുറ്റകരമാക്കുന്നു.

എന്തുകൊണ്ടാണ് ഉത്തര കൊറിയ മതത്തെ ഒരു ഭീഷണിയായി കാണുന്നത്?

കിം ജോങ്-ഉന്നിന്റെ വിപ്ലവസിദ്ധാന്തത്തിനു പുറത്തുള്ള ഏതൊരു പ്രത്യയശാസ്ത്രത്തെയും ഭരണകൂടം അതിന്റെ നിയന്ത്രണത്തിനു ഭീഷണിയായി കാണുന്നു. വിദേശമാധ്യമങ്ങൾ മാത്രമല്ല, സാംസ്കാരികവും മതപരവുമായ സ്വാധീനങ്ങളും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന ആശയം ശക്തിപ്പെടുത്തിക്കൊണ്ട് ബാഹ്യ ഉള്ളടക്കത്തിന്റെ വരവ്, കാഴ്ച അല്ലെങ്കിൽ വിതരണം എന്നിവയും നിയമം മൂലം നിരോധിക്കുന്നു.

നിയമത്തിലെ ആർട്ടിക്കിൾ 29, ‘അന്ധവിശ്വാസങ്ങളെ’ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളുടെ നിർമ്മാണം, പരിചയപ്പെടുത്തൽ അല്ലെങ്കിൽ വിതരണം എന്നിവ കുറ്റകരമാക്കുന്നു. പ്രത്യേകിച്ച്, ക്രിസ്തുമതത്തെ രാജ്യവിരുദ്ധപ്രവർത്തനവുമായി തെറ്റായി താരതമ്യം ചെയ്യാൻ സർക്കാർ ഉപയോഗിക്കുന്ന പദമാണിത്. മതപരമായ പുസ്തകങ്ങൾ, റെക്കോർഡിംഗുകൾ അല്ലെങ്കിൽ ദൃശ്യസാമഗ്രികൾ എന്നിവ കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്ക് നിർബന്ധിത തൊഴിൽവഴി പുനർവിദ്യാഭ്യാസം മുതൽ ജീവപര്യന്തം തടവ് വരെ കഠിനമായ ശിക്ഷകളാണ് നേരിടേണ്ടിവരിക. പ്രത്യേകിച്ച് കഠിനമായ കേസുകളിൽ വധശിക്ഷവരെ ലഭിച്ചേക്കാം. കൂടാതെ, അധികാരികൾ, പൗരന്മാരുടെ വ്യക്തിപരമായ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിരീക്ഷിക്കുകയും വീടുകൾ പരിശോധിക്കുകയും സംശയിക്കപ്പെടുന്ന മതപരമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News