യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ മിസൈൽ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റതായി നഗര അധികൃതർ അറിയിച്ചു. കീവിനെതിരെ റഷ്യ 250 ഡ്രോണുകളും 14 ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇത് പരിസരത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തീപിടുത്തത്തിന് കാരണമാവുകയായിരുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം നഗരത്തിൽ നടന്ന ഏറ്റവും വലിയ സംയുക്ത വ്യോമാക്രമണങ്ങളിലൊന്നായിരുന്നു ഇത്. “ഇത്തരത്തിലുള്ള ഓരോ ആക്രമണത്തിലൂടെയും, യുദ്ധം നീണ്ടുനിൽക്കുന്നതിനുള്ള കാരണം മോസ്കോ ആണെന്ന് ലോകം കൂടുതൽ ഉറപ്പിക്കുകയാണ്,” എന്ന് സംഭവത്തെ കുറിച്ച് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എക്‌സിൽ പറഞ്ഞു.
തുർക്കിയിൽ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകളുടെ ഭാഗമായി തടവുകാരുടെ കൈമാറ്റം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ “ദുഷ്‌കരമായ രാത്രി” എന്ന് വിശേഷിപ്പിച്ച സെലെൻസ്‌കി, കീവിൽ തീപിടുത്തങ്ങളും സ്‌ഫോടനങ്ങളും ഉണ്ടായിട്ടുണ്ടെന്നും, വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അറിയിച്ചു.