അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന ‘സ്‌പെല്‍ ഓഫ്’ എന്ന ടൈബ്രേക്കറില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജന്‍ വിക്രം രാജുവിനെയാണു തോല്പിച്ചത്. ടൈബ്രേക്കറില്‍ നല്കിയ 26 വാക്കുകളില്‍ 22ന്റെയും അക്ഷരങ്ങള്‍ ഹരിണി കൃത്യമായി പറഞ്ഞു. വിക്രം രാജു 19ല്‍ 15 തവണയേ ശരിയായ സ്‌പെല്ലിംഗ് പറഞ്ഞുള്ളൂ.
50,000 ഡോളറും സ്‌ക്രിപ്ക് കപ്പ് ട്രോഫിയുമാണ് ഹരിണിക്കു ലഭിച്ചത്. 1925 മുതല്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യന്‍ വംശജരായ കുട്ടികളുടെ ആധിപത്യമാണ്. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ വംശജര്‍.
ടെക്‌സസിലെ സാന്‍ ആന്റണിയോ സ്വദേശിനിയാണ് ഹരിണി. 1925 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇത് നാലാം തവണയാണ് ഹരിണി പങ്കെടുക്കുന്നത്. മുതിര്‍ന്നവരെയടക്കം കുഴയ്ക്കുന്ന വാക്കുകള്‍ കൃത്യതയോടെ ഉച്ചരിച്ചാണ് ഈ മിടുക്കി വിജയകിരീടം ചൂടിയത്. ഈ നേട്ടം തന്റെ സ്വപ്‌നമായിരുന്നെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നുമാണ് സന്തോഷം മറച്ചുവയ്ക്കാതെ ഹരിണി പ്രതികരിച്ചത്.