അഗ്‌നി സീരിസിലുള്ള നാലാമത്തെ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആണവായുധ പോര്‍മുന വഹിക്കാവുന്ന ഈ മിസൈലിന് 4,000 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ, ഒഡീഷയ്ക്കു സമീപം ഡോ.അബ്ദുല്‍ കലാം ദ്വീപില്‍ വച്ചായിരുന്നു മിസൈല്‍ പരീക്ഷിച്ചു നോക്കിയത്. ആദ്യകാലത്ത് വീലര്‍ ദ്വീപ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഒഡീഷയുടെ തീരത്തു നിന്നും 150 കിലോമീറ്റര്‍ കടലിലേക്ക് മാറിയാണ്. കരസേനയുടെ കീഴിലുള്ള തന്ത്രപ്രധാന സേനാ കമാന്‍ഡ് ആയിരുന്നു പരീക്ഷണത്തിന് നേതൃത്വം വഹിച്ചത്.
സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് സ്വയം ഗതി നിര്‍ണയിച്ചു ലക്ഷ്യം ഭേദിക്കാന്‍ പ്രാപ്തിയുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള അഗ്‌നി പരീക്ഷിച്ചത്. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഭൂതല-ഭൂതല മിസൈല്‍ ആണ് അഗ്‌നി-4. ഇത് പൂര്‍ണമായും തദ്ദേശീയമായി ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തതാണ്.