പെന്തക്കുസ്താ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ എണ്‍പതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പരിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ആയുധധാരികള്‍ വിശ്വാസികളുടെ മേല്‍ നിറയൊഴിച്ചത്. ഒരു ദിവസം പോലും പരിശുദ്ധ കുര്‍ബാന മുടക്കാത്ത ദമ്പതികളായ 67- കാരനായ ജോണ്‍ അഡെസിന അജനകുവും ഭാര്യ ഒലബിമ്പേ സൂസനയും ഈ ആക്രമണത്തിന്റെ ഇരകളായി.
‘അവര്‍ ഒരിക്കലും വിശുദ്ധ കുര്‍ബാന മുടക്കിയിരുന്നില്ല. എന്റെ അച്ഛന് വളരെ നല്ലവനും കത്തോലിക്കാ മെന്‍സ് ഓര്‍ഗനൈസേഷന്റെ കോര്‍ഡിനേറ്ററുമായിരുന്നു’- മരിച്ച ജോണിന്റെ മകളായ ലൈഡ് അജാനകു പറഞ്ഞു. ലൈഡിന്റെ മാതാപിതാക്കള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. അവര്‍ക്ക് ഒരിക്കലും തനിച്ചുള്ള ജീവിതം സാധ്യമായിരുന്നില്ല. അവര്‍ മരണത്തെ പുണര്‍ന്നപ്പോള്‍ പോലും ഒരുമിച്ചായിരുന്നു.
ജൂണ്‍ അഞ്ചിന് നൈജീരിയയിലെ ഓന്‍ഡോ സംസ്ഥാനത്തെ ഓവോയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തിലാണ് ആക്രമണം നടന്നത്. ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാന നടക്കുകയായിരുന്നു. അപ്പോഴാണ് ആയുധധാരികളുടെ ഒരു സംഘം ദേവാലയത്തിന് പുറത്തു എത്തിയത്. അവര്‍ പുറത്തു നിന്ന് വിശ്വാസികളുടെ മേല്‍ വെടിയുതിര്‍ത്തു. എന്നാല്‍ അതില്‍ നാല് പേര് അകത്തേയ്ക്ക് പ്രവേശിച്ച് ആക്രമണം നടത്തി.
‘ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍, ഞങ്ങള്‍ ആകെ പരിഭ്രമിച്ചുപോയി. മാതാപിതാക്കള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അവരെക്കുറിച്ചുള്ള വിവരത്തിനായി ഞങ്ങള്‍ പലരെയും വിളിച്ചു’- ലൈഡ് അജാനകു പറഞ്ഞു. തനിക്ക് പരിചയമില്ലാത്ത ഒരു സ്ത്രീ ലൈഡിനോട് തന്റെ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലായെന്നും അറിയിച്ചു. വൈകാതെ തന്നെ ഒരു വൈദികന് വിളിച്ച് അമ്മയും മരണപ്പെട്ടതായി അവരെ അറിയിച്ചു. മരണത്തിലും ഈ ദമ്പതികള്‍ ഒന്നിച്ചുതന്നെ. മാതാപിതാക്കള്‍ക്ക് അപകടം സംഭവിച്ചെങ്കിലും അവര്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ മകള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.