Friday, January 31, 2025

‘എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം’; പ്രവാചക നിന്ദാ വിവാദത്തില്‍ ഐക്യരാഷ്ട്ര സഭ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ നിരവധി മുസ്ലീം രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നു. ‘എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നതിനെ പ്രോത്സാഹിപ്പിക്കുന്നു’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.

ബിജെപിയുടെ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളെ മുസ്ലീം രാജ്യങ്ങള്‍ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ വിവാദ പ്രസ്താവനകള്‍ കണ്ടിട്ടില്ല. എന്ത് തന്നെയായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്തുന്നതിനെയാണ് യുഎന്‍ പ്രോത്സാഹിപ്പിക്കുന്നത്”- വക്താവ് സ്റ്റിഫന്‍ ഡുജാറിക്കിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ നുപുര്‍ ശര്‍മ്മയെ ബിജെപി ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

 

Latest News