സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ ഇന്ധന ക്ഷാമത്തെത്തുടര്‍ന്ന് യാത്രാനിയന്ത്രണം വന്നേക്കും. വരുന്ന മൂന്നാഴ്ച രാജ്യത്തിനു വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ധന, പാചകവാതക ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗ പറഞ്ഞു.
അടുത്ത ആറുമാസത്തേക്കു രാജ്യത്ത് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി 330 കോടി ഡോളര്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യ, ചൈന, ജപ്പാന് രാജ്യങ്ങളാണു വായ്പ നല്‍കിയും സാമ്പത്തികസഹായം നല്‍കിയും ലങ്കയെ സഹായിച്ചത്.
ഈ രാജ്യങ്ങളുമായുള്ള സൗഹൃദം എല്ലാക്കാലത്തും ശക്തമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് ദുര്‍ബലമാണ്. ഇതു ശക്തിപ്പെടുത്തുമെന്നും വിക്രമസിംഗ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ഇന്ധന ഇറക്കുമതിക്കായി രാജ്യം മാസം 50 കോടി ഡോളറാണ് ചെലവഴിക്കുന്നത്. ആഗോള വിപണയില്‍ ഇന്ധന വില നാല്‍പ്പതു ശതമാനത്തോളം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്കി.
അതിനാല്‍, എണ്ണയും പാചകവാതകവും കരുതലോടെ ഉപയോഗിക്കണമെന്നും റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിനാണു പ്രഥമപരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.