Monday, April 21, 2025

സെവ്‌റോഡോണറ്റ്‌സ്‌ക് നഗരത്തിലെ പോരാട്ടത്തില്‍ നിന്ന് യുക്രെയ്ന്‍ സൈന്യം പിന്മാറിയേക്കുമെന്നു സൂചന

കിഴക്കന്‍ യുക്രെയ്‌നിലെ സെവ്‌റോഡോണറ്റ്‌സ്‌ക് നഗരത്തില്‍ റഷ്യന്‍ സേനയെ നേരിടുന്ന യുക്രെയ്ന്‍ സൈന്യം പിന്മാറിയേക്കുമെന്നു സൂചന. എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്കു സൈന്യം പിന്തിരിഞ്ഞേക്കുമെന്ന് നഗരം ഉള്‍പ്പെടുന്ന ലുഹാന്‍സ് പ്രവിശ്യയുടെ ഗവര്‍ണര്‍ സെര്‍ഹി ഹെയ്‌ഡെയ് പറഞ്ഞു.

സെവ്‌റോഡോണറ്റ്‌സ്‌ക് നഗരംകൂടി പിടിച്ചെടുത്താല്‍ ലുഹാന്‍സ് മുഴുവനായി റഷ്യയുടെ നിയന്ത്രണത്തിലാകും. യുക്രെയ്ന്‍ പട്ടാളത്തിന്റെ ശക്തമായ പ്രതിരോധത്തിനിടെ റഷ്യ ഇഞ്ചുകണക്കിനു മുന്നേറുന്നതായാണു റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്റെ ഏറ്റവും മികച്ച സൈനികരാണ് ഇവിടെ റഷ്യയെ നേരിടുന്നത്.

ഇന്നലെ വടക്കന്‍ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു. സൈനികവാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന പ്ലാന്റിനെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു.

ഇതിനിടെ, യുക്രെയ്‌നില്‍ കെട്ടിക്കിടക്കുന്ന ധാന്യശേഖരം പുറത്തെത്തിക്കുന്നതു സംബന്ധിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട്ട് കൗവ്‌സൊഗ്ലുവും തമ്മില്‍ ചര്‍ച്ചനടത്തി. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിത പാതയൊരുക്കി യുക്രെയ്‌നിലെയും റഷ്യയിലെയും ധാന്യങ്ങളും വളവും പുറത്തെത്തിക്കാമെന്നാണ് തുര്‍ക്കി പ്രതീക്ഷിക്കുന്നത്.

 

Latest News