Thursday, January 23, 2025

കിഴക്കന്‍ യുക്രൈനിലെ ഫാക്ടറിയില്‍ റഷ്യന്‍ ആക്രമണം

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ അഭയം തേടിയ സെവ്‌റോ ഡോണറ്റ്‌സ്‌കിലെ രാസവസ്തു നിര്‍മാണശാലയ്ക്കു നേരേ റഷ്യ ആക്രമണം ശക്തമാക്കി. അസോട് ഫാക്ടറിയിലെ ഭൂഗര്‍ഭ അറയില്‍ എണ്ണൂറോളം പേര്‍ അഭയം തേടിയിട്ടുണ്ടെന്ന് ലുഹാന്‍സ് ഗവര്‍ണര്‍ സെഹി ഹൈദായിയ പറഞ്ഞു.

ഫാക്ടറി തകര്‍ക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും അഭയം തേടിയ യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുയാണ് വേണ്ടതെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സൈനികരെ സുരക്ഷിത ഇടനാഴിയിലൂടെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ഫാക്ടറിയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാക്ടറിയില്‍നിന്നു രക്ഷപ്പെട്ട് ചിലര്‍ പുറത്തെത്തിട്ടുണ്ടെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, യുക്രെയ്‌നുവേണ്ടി പോരാട്ടം നടത്തിയിരുന്ന മുന്‍ ബ്രിട്ടീഷ് സൈനികന്‍ ജോര്‍ദാന്‍ ഗേറ്റ്ലി സെവ്‌റോ ഡോണറ്റ്‌സ്‌കില്‍ കൊല്ലപ്പെട്ടു. മാര്‍ച്ചില്‍ ബ്രിട്ടീഷ് സൈന്യത്തില്‍നിന്നു രാജിവച്ച ജോര്‍ദാന്‍ റഷ്യക്കെതിരേ പോരാടാന്‍ യുക്രെയ്‌നില്‍ എത്തിയതായിരുന്നു. കിഴക്കന്‍ യുക്രെയ്‌നിലെ സെവ്‌റോ ഡോണറ്റ്‌സ്‌കില്‍ ശക്തമായ പോരാട്ടമാണു നടക്കുന്നത്.

റഷ്യക്കെതിരേയുള്ള പോരാട്ടം കടുപ്പിക്കുന്നതിനായി കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോടാവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും നല്‍കിയ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന യുക്രെയ്നിലെ ടെര്‍നോപില്‍ മേഖലയിലെ ആയുധസംഭരണ കേന്ദ്രം മിസൈല്‍ ആക്രമണത്തില്‍ റഷ്യ തകര്‍ത്തു.

 

Latest News