Tuesday, November 26, 2024

വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡനമനുഭവിക്കുന്നത് 360 മില്യണ്‍ ക്രൈസ്തവര്‍

ലോകമെമ്പാടും 360 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്നതായി വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര സംഘടന അടുത്തിടെ പ്രസിദ്ധീകരിച്ച 50 രാജ്യങ്ങളിലെ ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

2020 ഒക്ടോബര്‍ ഒന്ന് മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം മുതല്‍ മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. അതായത്, ലോകത്തിലുള്ള ക്രൈസ്തവരില്‍ ഏഴിലൊരാള്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ 29 വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും ഉയര്‍ന്ന പീഡനം രേഖപ്പെടുത്തിയിട്ടുള്ളത് 2022- ലാണ്. പഠന കാലയളവില്‍ 5,898 ക്രൈസ്തവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കൂടാതെ, 6,175 ക്രൈസ്തവര്‍ അറസ്റ്റിലാവുകയും 5,110 ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്കയില്‍ 15- ല്‍ ഒരു ക്രിസ്ത്യാനി കൊല്ലപ്പെടുന്നുണ്ടെന്നും, ഏഷ്യയില്‍ അഞ്ചില്‍ രണ്ട് ക്രിസ്ത്യാനികളും ആഫ്രിക്കയില്‍ അഞ്ചില്‍ ഒരു ക്രിസ്ത്യാനിയും വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം ക്രൈസ്തവരെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ആക്രമിക്കുന്നത്. ക്രിസ്ത്യാനികളായ പുരുഷന്മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡനത്തിനിരയാക്കുകയുമാണവര്‍ ചെയ്യുന്നത്. ക്രൈസ്തവ പീഡനങ്ങളുടെ വര്‍ദ്ധനവ് ഇസ്ലാം തീവ്രവാദ സംഘടനകള്‍ക്ക് തങ്ങളുടെ ആക്രമണം തുടരാന്‍ പ്രചോദനമേകുകയാണ്. ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം.

ആഫ്രിക്കയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബലമായതിനാല്‍, ജിഹാദി സംഘടനകളുടെ ആക്രമണങ്ങള്‍ അവിടെ വര്‍ദ്ധിക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരായ ഏറ്റവും വലിയ അക്രമത്തിന്റെ കേന്ദ്രമായി സബ്-സഹാറന്‍ ആഫ്രിക്ക ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 84 മില്യണ്‍ ക്രൈസ്തവരാണ് വിശ്വാസം സംരക്ഷിക്കാന്‍ പലായനം ചെയ്തത്.

ചൈനീസ് മാതൃകയിലുള്ള മതങ്ങളുടെ കേന്ദ്രീകൃത നിയന്ത്രണം പല രാജ്യങ്ങളിലും ഇന്ന് നിലവിലുണ്ട്. ലാറ്റിനമേരിക്കയില്‍, കോവിഡിന്റെ പേരുപറഞ്ഞ് ദേവാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ക്യൂബയില്‍ പല കത്തോലിക്കാ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. നിക്കരാഗ്വയിലും വെനിസ്വേലയിലും, ഭരണകക്ഷികള്‍ തന്നെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ദേവാലയങ്ങളുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റുകള്‍ റദ്ദാക്കുകയും ചിലത് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

 

 

Latest News