അമേരിക്കയുടെ 16-ാമത് പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍. 1809 ഫെബ്രുവരി 12-ന് കെന്റുക്കി എന്ന സംസ്ഥാനത്തെ ഹാര്‍ഡിന്‍ കൗണ്ടിയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇടത്തരം കര്‍ഷകകുടുംബമായിരുന്നു ലിങ്കന്റേത്. ലിങ്കണ് ഒമ്പത് വയസുള്ളപ്പോള്‍ അമ്മ നാന്‍സി മരണമടഞ്ഞു. വിഷബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാല്‍ അദ്ദേഹം ചെറുപ്പം മുതലേ ശാരീരിക അദ്ധ്വാനം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടയിലും വായിക്കാനും എഴുതാനും പഠിക്കുകയും പുസ്തകങ്ങളോട് പ്രണയത്തിലാവുകയും ചെയ്തു. ബൈബിള്‍ വായനയിലും അദ്ദേഹം അതീവ തത്പരനായിരുന്നു.
ഔദ്യോഗിക വിദ്യാഭ്യാസത്തിന് അദ്ദേഹത്തിന് സമയവും സാഹചര്യവും ഇല്ലായിരുന്നു.
തന്റെ 22 ാം വയസ്സില്‍ അബ്രഹാം ലിങ്കണ്‍, സ്വന്തം നിലയില്‍ ഒരു ജീവിതം പടുത്തുയര്‍ത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമണ്‍ നദീമാര്‍ഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു. അവിടെ അദ്ദേഹം ഒരു സ്വതന്ത്ര ജീവിതം ആരംഭിച്ചു. അവിടെ വച്ച് ഡെന്റണ്‍ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴില്‍ ,നദീമാര്‍ഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവര്‍ത്തിച്ചു. ഒപ്പം, സ്വയം വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടു, പരീക്ഷകളില്‍ വിജയിച്ചു, നിയമം പ്രാക്ടീസ് ചെയ്യാന്‍ അനുമതിയും നേടി.
ഇല്ലിനോയിസിലെ ഇന്ത്യന്‍ പ്രക്ഷോഭത്തിനിടെ അദ്ദേഹം മിലിഷ്യയില്‍ ചേര്‍ന്നു, ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്-മെക്സിക്കന്‍ യുദ്ധത്തെ എതിര്‍ത്ത യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയായ ഇല്ലിനോയിസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലും അദ്ദേഹം അംഗമായിരുന്നു. 1858 ല്‍ അദ്ദേഹം യുഎസ് സെനറ്റര്‍മാരുടെ സ്ഥാനാര്‍ത്ഥിയായി മാറിയെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുകയും 1860 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
ശക്തനായ ഭരണാധികാരി
അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കന്‍ സിവില്‍ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കണ്‍. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനുമായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റും. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം എക്സിക്യൂട്ടീവ് അധികാരം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കുന്നതിനും കാരണമായി. ലിങ്കണ്‍ തന്റെ എതിരാളികളെ തന്നോടു ചേര്‍ത്തു നിര്‍ത്തി, ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ലിങ്കണ്‍ ഒരു മികച്ച പ്രഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അന്നും ഇന്നും അനേകര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതുമാണ്.
അടിമപെണ്‍കുട്ടിയുമായി വിവാഹം
പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കാനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കണ്‍ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863 ലെ വിമോചന വിളംബരം. ഭരണഘടനാ ഭേദഗതിയ്ക്കും അത് വഴിവച്ചു. അതിനും എത്രയോ മുമ്പ് 1842 ല്‍ കെന്റുക്കിയിലെ മേരി ടോട എന്ന അടിമ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സമൂഹത്തിന് മാതൃകയുമായി, എബ്രഹാം ലിങ്കണ്‍.
എബ്രഹാം ലിങ്കന്റെ ജയവും ടാപ്ലിയുടെ താടിയും
മിസ്സൗറിയിലെ ഒരു ധനികനും ഡെമോക്രാറ്റുമായ വാലന്റൈന്‍ ടാപ്ലി 1860 -ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഒരു വെല്ലുവിളി നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞത് എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇനി ഒരിക്കലും താടിയും മീശയും വടിക്കില്ലെന്നായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ എബ്രഹാം ലിങ്കണ്‍ ജയിച്ചു. നിസ്സാരമായി പറഞ്ഞ ഒരു കാര്യം, പിന്നീടു ജീവിതകാലം മുഴുവന്‍ പാലിക്കേണ്ട ഒന്നായി മാറി. 1910 -ല്‍ ടാപ്ലി മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ താടിക്ക് 12 അടിയിലധികം നീളമുണ്ടായിരുന്നു.
മകന്റെ അധ്യാപികയ്ക്ക് ലിങ്കണ്‍ അയച്ച കത്ത്
മാതാപിതാക്കള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് എബ്രഹാം ലിങ്കണ്‍, തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്. മകനെ എന്തൊക്കെ പഠിപ്പിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായി കത്തില്‍ പറയുന്നു. എബ്രഹാം ലിങ്കണ്‍ മകന്റെ അധ്യാപകയ്ക്ക് അയച്ച ആ കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. എല്ലാ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടെയുള്ളതാണീ കത്ത്. ‘ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവന്‍ പഠിക്കട്ടെ’ എന്നു തുടങ്ങുന്ന ആ കത്ത് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളുടെ ഭാഗവുമാണ്.
മരണം
1865 ഏപ്രില്‍ 14 നാണ് വാഷിങ്ടണ്‍ ഫോര്‍ഡ്‌സ് തിയേറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നടനും കോണ്‍ഫെഡറേറ്റ് അനുകൂലിയുമായ ജോണ്‍ വില്‍ക്കിസ് ബൂത്ത് ആണ് ലിങ്കന് നേരെ വെടിയുതിര്‍ത്തത്. അമേരിക്കന്‍ ചരിത്രത്തില്‍ വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കണ്‍.
ചില ദുരന്തങ്ങള്‍
സ്വന്തം നാട്ടില്‍ നിന്നും ചെറുപ്പത്തില്‍ മരണപ്പെട്ട ആദ്യപുത്രന്റെ വിയോഗം ലിങ്കന്റെ ജീവിതത്തെ അധികമൊന്നും ബാധിച്ചിരുന്നില്ല. പക്ഷേ പ്രസിഡന്റ് ആയ ശേഷം വൈറ്റ്ഹൗസില്‍ വച്ച് രണ്ടാമത്തെ മകന്‍ ടൈഫോയ്ഡ് പിടിപെട്ടു മരിച്ചത് ലിങ്കണ്‍-മേരി കുടുംബത്തിന് താങ്ങാനാവാത്ത ദുഖമായി. തുടര്‍ന്ന് കണ്‍മുന്നില്‍ വച്ച് ഒരു തീവ്രവാദി സ്വന്തം ഭര്‍ത്താവിനെ വെടിവയ്ക്കുന്നതും മേരി ടോടയ്ക്ക് കാണേണ്ടി വന്നു. അതോടെ അവര്‍ തളര്‍ന്നു പോയി.
59.38 കോടിയുടെ തലമുടിയും ടെലിഗ്രാമും
മരണശേഷം എബ്രഹാം ലിങ്കന്റെ മുടിക്കെട്ടും കൊലപാതകത്തെക്കുറിച്ച് അറിയിച്ചുള്ള ടെലഗ്രാമും ലേലത്തില്‍ പോയത് 59.38 കോടി രൂപയ്ക്കാണ്. ലിങ്കന്റെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയ ടെലിഗ്രാമും ഇതിനൊപ്പമുണ്ടായിരുന്ന മുടിയുമാണ് ലേലം ചെയ്തത്. ഏകദേശം രണ്ടിഞ്ച് നീളമുള്ള മുടിക്കെട്ടാണ് ലേലം ചെയ്തത്. ലിങ്കന്റെ പോസ്റ്റ്മോര്‍ട്ടത്തിനിടെ ശേഖരിച്ചതാണിത്. 1945 വരെ ഇത് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ കൈവശമായിരുന്നു. ബോസ്റ്റണിലെ ആര്‍ആര്‍ കമ്പനി നടത്തിയ ലേലം പിടിച്ച വ്യക്തിയുടെ വിവരം പുറത്തുവിട്ടിട്ടില്ല.
രസകരമായ ചില വസ്തുതകള്‍
1. എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 18 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ക്ക് വിജയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ആരും നിങ്ങളെ വിശ്വസിക്കാത്തപ്പോഴും സ്വയം വിശ്വസിക്കുന്നത് തുടരുക’ ഈ ചിന്തയായിരുന്നു അദ്ദേഹത്തെ ഓരോ പരാജയത്തില്‍ നിന്നും കരകയറാനും മുന്നോട്ടു പോകാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
2. അസാമാന്യമായ ഉയരമുള്ള ആളായിരുന്നു ലിങ്കണ്‍ (193 രാ). കൂട്ടത്തില്‍ അദ്ദേഹം ഒരു നീളമുള്ള തൊപ്പിയും ഉപയോഗിച്ചിരുന്നു. ഫാഷന്റെ ഭാഗമായി മാത്രമല്ല, പണവും കുറിപ്പുകളുമെല്ലാം അദ്ദേഹം അതില്‍ സൂക്ഷിച്ചിരുന്നു.
3. മെക്കാനിസങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചു. അദ്ദേഹം തന്നെ നിരവധി ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു, 1849 ല്‍ ഒരു ഉപകരണം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് ആയിരുന്നു അത്.