ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടി കേരളം. താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിയതായി മന്ത്രി പി രാജീവ് അറിയിച്ചു.
ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു നേട്ടം കൂടിയാണ് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും സംയുക്തമായാണ് ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020ലെ റിപ്പോര്‍ട്ടില്‍ ലോക റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.
ഈ നേട്ടത്തിന് പുറമെ വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയില്‍ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.