പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്.
രാജ്യത്ത് പെട്രോള്‍ വില 24.03 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 233.89 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലേക്കാണ് പുതിയ വിലയെത്തിയത്. ജൂണ്‍ 16 മുതല്‍ പെട്രോള്‍ ലിറ്ററിന് 233.89 രൂപയും ഡീസല്‍ 263.31 രൂപയും മണ്ണെണ്ണ 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 207.47 രൂപയുമായിരിക്കും നിരക്ക്.
പെട്രോള്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പാകിസ്ഥാനിലെ മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ധനകാര്യ മന്ത്രി മിഫ്താ ഇസ്മായില്‍ മുന്‍സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വഷളാക്കിയെന്ന് കുറ്റപ്പെടുത്തി. പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സബ്സിഡി നല്‍കി പെട്രോള്‍ വില ബോധപൂര്‍വം കുറച്ചെന്നും അതിന്റെ ബാധ്യത ഈ സര്‍ക്കാര്‍ വഹിക്കേണ്ടി വരുന്നെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.