Tuesday, November 26, 2024

അനധികൃതമായി വഴിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ജാഗ്രതൈ! ചിത്രമെടുത്ത് അയക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന ശല്യക്കാരെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അനധികൃതമായും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയും വാഹനം പാര്‍ക്ക് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ ചിത്രം അയക്കുന്നവര്‍ക്ക് 500 രൂപയാണ് പാരിതോഷികം.

തെറ്റായ രീതിയില്‍ വാഹനം പാര്‍ക്കുചെയ്തതിന്റെ ചിത്രം അയച്ചു തരുന്ന ആള്‍ക്ക് 500 രൂപ പാരിതോഷികം നല്‍കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് നതിന്‍ ഗഡ്കരി പറഞ്ഞു. കുറ്റക്കാരില്‍ നിന്നും ഈടാക്കുന്ന തുക 1000 ആയി വര്‍ദ്ധിപ്പിക്കും. അങ്ങനെയാകുമ്പോള്‍ ഗതാഗത പ്രശ്‌നം പരിഹരിക്കപ്പെടും. രാജ്യത്തെ ഗതാഗത സമ്പ്രദായം മികവുറ്റത് ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടെത്തുകയല്ല. മറിച്ച് റോഡ് കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് ഒരു നാലംഗ കുടുംബത്തിന് ആറ് വാഹനമെങ്കിലും ഉണ്ടാകും. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അനുവദിച്ച സ്ഥലത്തല്ല മറിച്ച് വഴിയിലാണ് ഇവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

Latest News