Tuesday, November 26, 2024

യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു

യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു. ഇറ്റലിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള വിതരണം പകുതിയാക്കിയതിനൊപ്പം ഫ്രാന്‍സിനുള്ള ഇന്ധനനീക്കം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു.

യൂറോപ്പിലെ വ്യവസായങ്ങള്‍ക്കും വൈദ്യുതി ഉപയോഗത്തിനും നിര്‍ണായകമാണു റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകം. റഷ്യയുടെ നിയന്ത്രണത്തെത്തുടര്‍ന്ന് ജര്‍മനിയും ഓസ്ട്രിയയിലും ഇപ്പോള്‍ത്തന്നെ ഊര്‍ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ഇന്ധനവിലയിലെ വര്‍ധന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പത്തിനും വഴിതുറന്നിരിക്കുകയാണ്. സാങ്കേതിക തകരാറാണു ജര്‍മനിയിലേക്കും ഫ്രാന്‍സിലേക്കുള്ള ഇന്ധനനീക്കത്തിനു തടസമെന്നു റഷ്യ വിശദീകരിച്ചു. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് കാനഡയില്‍ യന്ത്രസാമഗ്രികള്‍ അറ്റകുറ്റപ്പണി ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയനീക്കമാണു റഷ്യയുടേതെന്നു ജര്‍മനിയും ഇറ്റലിയും പ്രതികരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെയും യൂറോപ്പിനെയും ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണു റഷ്യയുടേതെന്നു യുക്രെയ്ന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

 

Latest News