സര്‍ക്കാര്‍ ജീവനക്കാര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍. വിപിഎന്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സ് റെസ്‌പോണ്‍സ് ടീമിന്റെ ഉത്തരവിന് പിന്നാലെയാണ് വിപിഎന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്പ്‌ബോക്‌സ് പോലെയുള്ള ക്ലൗഡ് സേവനങ്ങളില്‍ ശേഖരിക്കരുത്. മൊബൈല്‍ ഫോണുകളുടെ സുരക്ഷ നഷ്ടപ്പെടുത്തുന്ന രീതിയില്‍ സോഫ്റ്റ്വെയറുകള്‍ ജയില്‍ ബ്രേക്ക് ചെയ്യുകയോ റൂട്ട് ചെയ്യാനോ പാടില്ല. ഇതിന് പുറമേ സര്‍ക്കാര്‍ രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ക്യാം സ്‌കാനര്‍ പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) നിര്‍ദേശങ്ങളില്‍ പറയുന്നു.
താത്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും എന്‍ഐസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണു നിര്‍ദേശം.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് വകുപ്പു മേധാവികള്‍ അല്ലെങ്കില്‍ മുഖ്യ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കു നടപടികള്‍ സ്വീകരിക്കാം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഏകീകൃത സൈബര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും എന്‍ഐസി നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
യഥാര്‍ഥ ലൊക്കേഷന്‍ ഉപയോഗിക്കാതെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാമെന്നതാണ് വിപിഎന്‍ കമ്പനികള്‍ നല്‍കുന്ന സൗകര്യം. നിയമപരമല്ലാത്ത വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിനും നിരോധനമുള്ള വെബ്‌സൈറ്റുകളില്‍ കയറാനും രാജ്യവിരുദ്ധ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുമെല്ലാം വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.