Tuesday, November 26, 2024

ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

ജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്ക ഇരട്ടിയാക്കി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ രാജ്യങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കൊറോണ വ്യാപനത്തിന് മുന്‍പും ശേഷവുമുള്ള കണക്കുകള്‍ നിരത്തിയാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കൊറോണയ്ക്ക് മുന്‍പ് 2019 ല്‍ 1 ബില്യണ്‍ ആളുകള്‍ മാത്രമാണ് മാനസിക രോഗികളായി ഉണ്ടായിരുന്നത്. ഇതില്‍ 14 ശതമാനവും യുവതീ യുവാക്കള്‍ ആയിരുന്നു. എന്നാല്‍ കൊറോണ കാലത്ത് മാനസിക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കൊറോണ വ്യാപനം ആരംഭിച്ച ആദ്യ വര്‍ഷം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അല്ലെങ്കില്‍ മാനസിക രോഗികളായ യുവതീ യുവാക്കളുടെ ശതമാനം 14 ല്‍ നിന്നും 25 ശതമാനത്തിലധികമായി വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജനങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തെ കരുതിയുള്ള പദ്ധതികള്‍ക്കായി കേവലം രണ്ട് ശതമാനം രാജ്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പണം മാറ്റിവയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ വളരെ കുറവ് ആളുകള്‍ക്ക് മാത്രമാണ് മികച്ച ചികിത്സ ലഭിക്കുന്നത്. നിരവധി ആളുകള്‍ വര്‍ഷങ്ങളായി മാനസിക രോഗികളായി കഴിയുന്നു. മികച്ച മാനസികാരോഗ്യത്തിനായുള്ള പദ്ധതികള്‍ ആരംഭിക്കാന്‍ രാജ്യങ്ങള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

 

Latest News