Tuesday, November 26, 2024

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കുവൈറ്റിലേയ്ക്കുള്ള മനുഷ്യക്കടത്ത് അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്

കുവൈറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം
നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്.

ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇവരടക്കം കൂടുതല്‍ പേര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

പുതിയ വകുപ്പ് ചേര്‍ത്തതോടെ കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. നേരത്തേ പോലീസ് മനുഷ്യക്കടത്തു കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നതില്‍ എന്‍.ഐ.എ.ക്ക് തടസ്സമുണ്ടായിരുന്നു.

കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി
മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ അജുമോന്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.

റിമാന്‍ഡിലായ അജുമോനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന
പ്രതീക്ഷയിലാണ് പോലീസ്. ഇപ്പോള്‍ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോന്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

 

 

Latest News