അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ഉയരുമ്പോഴും അതിനനുസരിച്ച് ഇന്ത്യയില്‍ മാറ്റം വരുത്താത്തതിനാല്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടംസഹിച്ചാണു വില്‍ക്കുന്നത്.
ജിയോ ബി.പി., നയാര എനര്‍ജി, ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ് ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം ഈ മേഖലയില്‍ തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുമ്പോഴും രാജ്യത്തെ എണ്ണവില്‍പ്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ആകെ ചെലവിന്റെ മൂന്നിലൊന്നാക്കി നിര്‍ത്തുകയാണ്.
വിലകൂട്ടി വിറ്റ് ഉപഭോക്താക്കളെ നഷ്ടമാക്കാനോ വില്‍പ്പന കുറച്ച് നഷ്ടം ലഘൂകരിക്കാനോ നിര്‍ബന്ധിതരാകേണ്ട അവസ്ഥയാണെന്നും ഇവര്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോഴും 2021 നവംബര്‍ ആദ്യം മുതല്‍ 2022 മാര്‍ച്ച് 21 വരെ 137 ദിവസം രാജ്യത്ത് എണ്ണവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അതിനുശേഷം 14 തവണയായി ശരാശരി 80 പൈസ വീതം കൂട്ടി. ഇതോടെ എണ്ണവിലയില്‍ ലിറ്ററിന് ഏതാണ്ട് 10 രൂപ കൂടി. എങ്കിലും പഴയ വിടവ് നികത്താനാകുന്നില്ലെന്നാണ് കമ്പനികളുടെ പരാതി.