Sunday, November 24, 2024

ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന പവിഴ വന്‍മതില്‍

ഓസ്‌ട്രേലിയന്‍ വന്‍കരയുടെ കിഴക്കന്‍ തീരത്തിനു സമാന്തരമായി ശാന്തസമുദ്രത്തില്‍ 2000 കിലോമീറ്റര്‍ നീളത്തിലും 150 കിലോമീറ്റര്‍ വീതിയിലും ഒരു മതില്‍ പോലെ കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ കോട്ടയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. പവിഴപ്പുറ്റുകളാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പവിഴ വന്‍മതിലായാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് അറിയപ്പെടുന്നത്. ഈ പവിഴപ്പുറ്റുസമൂഹത്തില്‍ 2900 പവിഴപ്പുറ്റുകളും 900 ദ്വീപുകളുമുണ്ട്. ജീവജാലങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗത്തെ സി.എന്‍.എന്‍. ഏഴ് പ്രകൃതിദത്തമായ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണിയിട്ടുണ്ട്. ബഹിരാകാശത്തു നിന്നുപോലും ഇവ ദൃശ്യവുമാണ്.

യുണസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍

1981ലാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് യുണസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്. മേഖലയുടെ ശാസ്ത്രീയവും, അന്തര്‍ലീനവുമായ പ്രാധാന്യം കണക്കിലെടുത്താണ് യുണസ്‌കോ അന്ന് അത്തരമൊരു നടപടി സ്വീകരിച്ചത്. 2017 ല്‍ യുണസ്‌കോ ഈ മേഖലയുടെ അപകടാവസ്ഥയെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയതിനുശേഷം പുനരുദ്ധാരണത്തിനായി ഏകദേശം 3 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറും ചിലവഴിച്ചിരുന്നു.

ഗ്രേറ്റ് ബാരിയര്‍ റീഫിലെ നിവാസികള്‍

ജൈവ വൈവിധ്യം ഇത്രമേല്‍ സമ്പന്നമായ മറ്റൊരിടം ലോകത്തില്‍ മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. അവയുടെ ആകര്‍ഷണീയമായ സൗന്ദര്യവും, കാല്പനികതയും അവയില്‍ വസിക്കുന്ന ആയിരക്കണക്കിന് വ്യത്യസ്ത ജീവികളുടെ കൂടി സംഭാവനയാണ്.

ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ സസ്യ- ജന്തുജാലങ്ങളെക്കുറിച്ച് പഠിക്കാന്‍ കാലങ്ങള്‍ വേണ്ടിവരും. കാരണം ഇവിടെയുള്ള അണ്ടര്‍വാട്ടര്‍ ലോകം അവിശ്വസനീയമാം വിധം സമ്പന്നമാണ്. പവിഴങ്ങള്‍ മാത്രം വൈവിധ്യമാര്‍ന്ന 400 ലധികം. അവ തന്നെ ഓരോ രൂപത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ഭീമന്‍ പവിഴപ്പുറ്റ് കോംപ്ലെക്‌സില്‍ 1500 ലധികം കടല്‍ മത്സ്യങ്ങള്‍, 30 തരം തിമിംഗലങ്ങളും ഡോള്‍ഫിനുകളും, 125 തരം സ്രാവുകള്‍, 200 ല്‍ അധികം ഇനം പക്ഷികള്‍, 14 തരം പാമ്പുകള്‍, 1300 ഇനം സസ്യസൈറ്റുകള്‍, 5000 ഇനം മോളക്‌സുകള്‍ അങ്ങനെ നീളുന്നു പട്ടിക.

ടൂറിസം

വിലമതിക്കാന്‍ കഴിയാത്ത ശാസ്ത്രീയ പാരിസ്ഥിതിക പ്രാധാന്യം എന്നതിനൊപ്പം, കൊറോണ സാഹചര്യത്തിന് മുമ്പ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് പ്രധാന വിനോദ സഞ്ചാര വിപണി കൂടിയാണ് ഇവിടം. ടൂറിസം വരുമാനത്തിലൂടെ മാത്രം ഓസ്‌ട്രേലിയയ്ക്ക് പ്രതിവര്‍ഷം 600 കോടി ഡോളര്‍ വരെ നല്‍കുന്നുണ്ട്, ഗ്രേറ്റ് ബാരിയര്‍ റീഫ്. മത്സ്യബന്ധനവും സംരക്ഷണപ്രവര്‍ത്തനങ്ങളും ടൂറിസവുമെല്ലാമായി കോടിക്കണക്കിനു പേര്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

കടല്‍ത്തീരത്തെ പവിഴങ്ങളും ഗോള്‍ഡ് ഫിഷും തുടങ്ങി ആമകള്‍ കൂടുണ്ടാക്കുന്നത് വരെയുള്ള വിസ്മയ കാഴ്ചകളുടെ ഒരു ലോകം തന്നെ ഇവിടെ നിന്നു ലഭിക്കും. ഡൈവിംഗ്, സ്‌നോര്‍ക്കലിംഗ്, ബോട്ട് യാത്ര തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്. അണ്ടര്‍വാട്ടര്‍ ഹോട്ടലില്‍ താമസിച്ചുകൊണ്ടുള്ള സൗകര്യങ്ങളും സൗന്ദര്യവും ആസ്വദിക്കാനും കഴിയും. ഇത്തരം ഹോട്ടലുകളിലെ ഓരോ മുറിയിലും ഗ്രേറ്റ് ബാരിയര്‍ റീഫിന്റെയും അതിന്റെ സമുദ്രജീവിതത്തിന്റെയും ഫ്‌ളോര്‍ ടു സീലിംഗ് കാഴ്ചയുമുണ്ട്.

നേരിടുന്ന വെല്ലുവിളി

ഇത്രയും വലിയ പൈതൃക സ്വത്ത് പക്ഷേ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. അതിന്റെ ഭാവി തുലാസ്സില്‍ നില്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ. ഭൂമി മുഴുവന്‍ അനുഭവപ്പെടുന്ന ആ മാറ്റം ഇവിടെയും വിനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ആഗോള താപനവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനവും എല്ലാം ഇതിന് കാരണമാണെന്ന് പറയാം. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ച് സമുദ്രത്തിലെ ചൂടും കൂടുന്നുണ്ട്. ഇത് സുമുദ്രജലത്തെ മാത്രമല്ല, സമുദ്രത്തിലുള്ള ജീവികളെയും പ്രതികൂലമായി ബാധിക്കുന്നു. ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായെന്ന് കരുതുന്ന ഈ പവിഴക്കാട് പക്ഷേ ഇങ്ങനെപോയാല്‍ അധിക കാലം നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

1995 നു ശേഷം കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്ന കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം അമ്പത് ശതമാനത്തിലധികം പവിഴപുറ്റുകള്‍ ഇവിടെ നശിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ 90 ശതമാനത്തിലധികം ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 2016-17 വര്‍ഷങ്ങളിലാണ് ഗ്രേറ്റ് ബാരിയര്‍ റീഫിന് കണ്ടതില്‍ വച്ച് ഏറ്റവും നാശനഷ്ടങ്ങളുണ്ടായത്. ഈ വര്‍ഷങ്ങളില്‍ മാത്രം 29-50 ശതമാനത്തോളം പവിഴപ്പുറ്റുകള്‍ നശിച്ചുവെന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാക്കാം ഇതിന്റെ ആഘാതവും ആഴവും എത്രയെന്ന്.

എങ്ങനെ രക്ഷിച്ചെടുക്കാം

ഗ്രേറ്റ് ബാരിയര്‍ റീഫിനെ രക്ഷിക്കാനുള്ള വഴികളില്‍ ഏറ്റവും വലിയ ഗവേഷണങ്ങള്‍ നടന്നത് മേഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ്. മേഘങ്ങള്‍ വന്ന് ആകാശത്ത് മൂടിയാല്‍ ഒരു പരിധി വരെ സൂര്യപ്രകാശവും ചൂടും സമുദ്രത്തില്‍ എത്തുന്നത് കുറയ്ക്കാനാകും എന്നതിനാലാണിത്. ഇത്തരത്തില്‍ മേഘങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചെടുക്കാനുള്ള പരീക്ഷണങ്ങളും നടന്നു വരികയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചാലേ താപനം കുറച്ചെങ്കിലും കുറയ്ക്കാനാകൂ. മേഘങ്ങളുടെ പരീക്ഷണമല്ലാതെ മറ്റ് ചിലതു കൂടി നടക്കുന്നുണ്ട്. പുതിയ വര്‍ഗത്തിലുള്ള, ചൂട് താങ്ങാന്‍ കെല്‍പ്പുള്ള പവിഴപ്പുറ്റുകളെ ഉണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ മുന്നേറുകയാണ്. ഇവയെ നിലനിര്‍ത്താനും പുനരുല്‍പ്പാദിപ്പിക്കാനുമുള്ള പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ പവിഴപ്പുറ്റുകള്‍ ഇല്ലാതായാലും ചിലപ്പോള്‍ ദശാബ്ദങ്ങളെടുത്ത് ചിലതിനെങ്കിലും ജീവന്‍ വച്ചേക്കാമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതിനെല്ലാം അനുകൂല സാഹചര്യങ്ങള്‍ അത്രയും കാലം ഉണ്ടായാലേ മതിയാവൂ.

 

 

 

Latest News