Sunday, November 24, 2024

നൈജീരിയയില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കുരുതി; കണ്ണീര്‍ തോരാതെ വിശ്വാസി സമൂഹം

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിസംഗരാവുകയാണോ ആ രാജ്യത്തെ സര്‍ക്കാരും ഭരണാധികാരികളും എന്നാരും സംശയിച്ചുപോകും. കാരണം, കഴിഞ്ഞയാഴ്ച അമ്പതോളം പേരെ കൂട്ടക്കൊല ചെയ്തവരെ അറസ്റ്റ് ചെയ്യാനോ, കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുതന്നെ. ക്രൈസ്തവര്‍ക്കു വേണ്ട സുരക്ഷ ഒരുക്കാന്‍ നൈജീരിയന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജൂണ്‍ 19-ന് വീണ്ടും ക്രൈസ്തവ ദൈവാലയത്തില്‍ സമാനമായ ആക്രമണം ആവര്‍ത്തിക്കപ്പെട്ടത്.

നൈജീരിയയിലെ കടുനയില്‍ ബൈക്കിലെത്തിയ ആയുധധാരികള്‍ രണ്ട് ദൈവാലയങ്ങളാണ് ആക്രമിച്ചത്. ഗ്രാമവാസികളെ ആക്രമിച്ച് അവരുടെ വസ്തുക്കള്‍ കൊള്ളയടിക്കുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. റൂബു ഗ്രാമത്തിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് പള്ളിയിലും സെന്റ് മോസസ് കത്തോലിക്കാ ദൈവാലയത്തിലുമായിരുന്നു ആക്രമണം. അക്രമികള്‍ കടകള്‍ കൊള്ളയടിക്കുകയും വിലപിടിപ്പുള്ള പല വസ്തുക്കളും കൊണ്ടുപോവുകയും ചെയ്തു. സംസ്ഥാന പോലീസ് പിആര്‍ഒ മുഹമ്മദ് ജലിഗെ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്ത് ദൈവാലയത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതസംസ്‌ക്കാരം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെയാണ് അടുത്ത ആക്രമണം. ആക്രമണത്തിനു ശേഷം അന്വേഷണങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.

രണ്ട് ദൈവാലയങ്ങളിലായി നടന്ന ആക്രമണത്തില്‍ കടുന ഗവര്‍ണര്‍ ദുഃഖം രേഖപ്പെടുത്തുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. അതേ സമയം, സംസ്ഥാനത്തെ കജുരു ലോക്കല്‍ ഗോമെന്റ് ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നതായി കടുന സ്റ്റേറ്റ് കമ്മീഷണര്‍ ഫോര്‍ ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് ഹോം അഫയേഴ്സ് പറഞ്ഞു.

ആവര്‍ത്തിക്കപ്പെടുന്ന ആക്രമണങ്ങളും നിസംഗത പാലിക്കുന്ന സര്‍ക്കാരും

കടുനയില്‍ തന്നെ സമീപകാലത്ത് ക്രൈസ്തവര്‍ക്കു നേരെ നടന്നത് നിരവധി ആക്രമണങ്ങളാണ്. 2021 നവംബറില്‍, കടുന സംസ്ഥാനത്തില്‍ ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്ന് ഡസന്‍ കണക്കിന് വിശ്വാസികളെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. അവര്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും സാധാരണക്കാരെ തട്ടിക്കൊണ്ടു പോവുകയും വീടുകള്‍ കത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴും തുടരുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു ശമനവുമില്ല.

ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവിടെ നടക്കുന്ന പല ആക്രമണങ്ങളും വാര്‍ത്തകള്‍ പോലുമാകുന്നില്ല. മാര്‍ച്ച് 28-ന് അബുജയില്‍ നിന്ന് കടുനയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിനില്‍ തോക്കുധാരികള്‍ ആക്രമണം നടത്തി ഏഴോളം പേരെ കൊലപ്പെടുത്തി എന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കാണ് ഈ ആക്രമണത്തില്‍ പരിക്കേറ്റത്. ചിലരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്ന സ്‌കൂള്‍ കുട്ടികള്‍

നൈജീരിയയിലെ മറ്റൊരു പ്രതിസന്ധിയാണ് ക്ലാസ് മുറികളില്‍ നിന്നും ബോര്‍ഡിംഗ് ഹൗസുകളില്‍ നിന്നും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോകുന്നത്. 2020 ഡിസംബര്‍ മുതല്‍ 1,000-ലധികം വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടു പോയിട്ടുള്ളത്. അവരില്‍ പലരെയും ആയിരക്കണക്കിന് ഡോളര്‍ മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നാണ് ഭീഷണി. ഫുലാനി തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളുമാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍. സാംഫറ, നൈജര്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയെ തുടര്‍ന്ന് വടക്കന്‍ ഡോണ്‍ വരെയുള്ള നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടി. മൂന്നു വയസു മാത്രം പ്രായമുള്ള കുട്ടികള്‍ വരെയാണ് ആക്രമണത്തിന് ഇരയാകുന്നത്.

കഴിഞ്ഞ വര്‍ഷം കടുനയിലെ ഒരു സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ നിരവധി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയി. അവരില്‍ ചിലരെ വിട്ടയച്ചെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. വര്‍ഷങ്ങളായി കടുന സംസ്ഥാനത്ത് സുരക്ഷാഭീഷണി നിലനില്‍ക്കുന്നുണ്ട്.

നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കൊലകളൊന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല. ആയിരക്കണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കിയിട്ടും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.

 

Latest News