സേനയില്‍ ഘടനാപരമായ മാറ്റം അനിവാര്യമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മാറ്റങ്ങള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെന്ന് അജിത് ഡോവല്‍ പറഞ്ഞു. സേനയില്‍ അനിവാര്യമായ ഇത്തരം പരീക്ഷണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയ്ക്ക് പിന്നാലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കിയിരിക്കുകയാണ് വ്യോമസേനയും. വ്യോമസേന രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പത്താം ക്‌ളാസോ പ്ലസ് ടുവോ പാസായവര്‍ക്കാണ് വ്യോമസേനയില്‍ അവസരം. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും വാര്‍ത്താസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു. പ്രധാനമന്ത്രിയെ സേനാ മേധാവികള്‍ ഇന്ന് കാണും.
കരസേന രജിസ്‌ട്രേഷന്‍ അടുത്ത മാസമാണ്. പത്താം ക്ലാസ്, എട്ടാം ക്ലാസ് എന്നിവ പാസായവര്‍ക്കാണ് സേനയില്‍ അഗ്‌നീവീറുകളായി വിവിധ തസ്തികകളില്‍ അവസരം ലഭിക്കുക. 25 ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരം ഉണ്ടാകും എന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അഗ്‌നിവീറുകള്‍ക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടന്‍മാരുടെ ആരോഗ്യപദ്ധതി, ക്യാന്റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.