1879 ഫെബ്രുവരി 13 ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു സരോജിനി നായിഡുവിന്റെ ജനനം. സരോജിനി ചതോപാദ്ധ്യായ എന്നായിരുന്നു പേര്. അച്ഛന് അഘോര്‍നാഥ് ചതോപാദ്ധ്യായ നൈസാം കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. അമ്മ വസുന്ധരാ ദേവി ബംഗാള്‍ കവയിത്രിയായിരുന്നു. സരോജിനിയുടെ വിപ്ലവകാരിയായിരുന്ന സഹോദരന് വീരേന്ദ്രനാഥ് ചതോപാധ്യായ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുത്തു. സ്റ്റാലിന് ഭരണകൂടം ഇയാളെ വധിച്ചു എന്നാണ് കരുതുന്നത്.
എട്ടുമക്കളില്‍ ഏറ്റവും മൂത്ത ആളായിരുന്നു സരോജിനി നായിഡു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷകള്‍ പാസായ ശേഷം അവര്‍ പഠനത്തിന് നാല് വര്‍ഷത്തെ അവധിയെടുത്തു. 1895ല്‍, ആറാമത്തെ നിസാമായ മിര്‍ മെഹബൂബ് അലി ഖാന് സ്ഥാപിച്ച നിസാം സ്കോളര്‍ഷിപ്പ് ട്രസ്റ്റ് അവര്‍ക്ക് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അവസരം നല്കി. ആദ്യം ലണ്ടനിലെ കിംഗ്സ് കോളേജിലും പിന്നീട് കേംബ്രിഡ്ജിലെ ഗിര്‍ട്ടണ്‍ കോളേജിലുമാണ് പഠനം നടത്തിയത്.
വിവാഹവും വിവാദവും
1898 ല്‍ 19 വയസ്സില്‍ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് അവര്‍ സരോജിനി നായിഡുവായത്. കിഴക്കന്‍ ബംഗാളിലെ സംസ്കൃത പഠനത്തിനും യോഗവിദ്യയിലും പ്രസിദ്ധമായ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കണ്ണിയായിരുന്നു സരോജിനി. അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ അവര്‍ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ആ സമയത്ത് മിശ്രവിവാഹങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നില്ലെങ്കിലും സരോജിനിയുടെ അച്ഛന് വിവാഹത്തിന് അനുമതി നല്കി. സരോജിനി-ഗോവിന്ദരാജുലു ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. അവരുടെ മകള്‍ പത്മജയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. ജയസൂര്യ, രണ്‍ധീര്‍, ലൈലാ, മണി എന്നവരാണ് മറ്റു മക്കള്‍.
സ്വാതന്ത്രസമരസേനാനി, മികവുറ്റ ഭരണാധികാരി
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നിര്‍ണായക സംഭാവനകള്‍ സരോജിനി നായിഡു നല്‍കിയിട്ടുണ്ട്. 1905ലെ ബംഗാള്‍ വിഭജനത്തെ തുടര്‍ന്നാണ് അവര്‍ പ്രസ്ഥാനത്തില്‍ ചേരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുഹമ്മദലി ജിന്ന, ജവഹര്‍ലാല്‍ നെഹ്രു, മഹാത്മ ഗാന്ധി തുടങ്ങിയ നിരവധി പ്രഗത്ഭരുമായി അവര്‍ അടുത്ത ബന്ധം പുലര്‍ത്തി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റായിരുന്നു സരോജിനി നായിഡു. 1915-1918 കാലഘട്ടത്തില്‍ സാമൂഹിക ക്ഷേമം, സ്ത്രീ ശാക്തീകരണം, വിമോചനം, ദേശീയത എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ട് അവര്‍ ഇന്ത്യയൊട്ടാകെ യാത്ര ചെയ്തു. ജവഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അവര്‍, അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയരായിക്കൊണ്ടിരുന്ന ചമ്പാരണിലെ അമരികൃഷി തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പുറപ്പെട്ടു.
1919ല്‍ റൗളറ്റ് ആക്ട് നിലവില്‍ വന്നപ്പോള്‍, മഹാത്മാ ഗാന്ധി സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ അവര്‍ സജീവമായി. അതേവര്‍ഷം തന്നെ, ലണ്ടനിലേക്കുള്ള ഹോം റൂള്‍ ലീഗിന്റെ പ്രതിനിധിയായി അവര്‍ നിയമിക്കപ്പെട്ടു. 1924ല്‍ അവര്‍ ഈസ്റ്റ് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി.
ഇന്ത്യന്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണര്‍
തന്റെ അവസാന നാളുകളിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന നായിഡു, 1931ല്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1942ല്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മഹാത്മാ ഗാന്ധിയോടൊപ്പം അറസ്റ്റിലായ അവര്‍ രണ്ട് വര്‍ഷത്തോളം തടവില്‍ കിടന്നു. ജയിലില്‍ നിന്നും മോചിതയായ ശേഷം അവര്‍, ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അദ്ധ്യക്ഷം വഹിച്ചു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, പ്രസ്ഥാനത്തിന് നല്കിയ സംഭാവനകള്‍ മാനിച്ച് അവരെ ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറായി നിയമിച്ചു. 1947ല്‍ അലഹബാദില്‍ ഗവര്‍ണറായി സ്ഥാനമേറ്റു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ വനിതയാണവര്‍.
മിക്കി മൗസും സരോജിനി നായിഡുവും
ഗാന്ധിയും സരോജിനി നായിഡുവുമായുള്ള സൗഹൃദവും വ്യക്തിബന്ധവും ആഴമേറിയതായിരുന്നു. ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം സരോജിനി നായിഡു ആവര്‍ത്തിച്ച് പറയാറുള്ളതാണ്. ‘ലണ്ടനില്‍വെച്ച് ഒരു അവസരം കിട്ടിയപ്പോള്‍ ലണ്ടനില്‍ ഗാന്ധി താമസിക്കുന്ന രണ്ടാം നിലയിലുള്ള ആ കെട്ടിടത്തിലേക്ക് പോയി. പഴയരീതിയില്‍ നിര്‍മിച്ച ആ കെട്ടിടത്തില്‍ മഹാത്മാവ് ഇരിക്കുന്ന മുറിയുടെ വാതിക്കല് നിന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടു. മൊട്ടത്തലയുള്ള ഒരു ചെറിയ മനുഷ്യന് തറയിലിരുന്ന് നിലക്കടലയും രുചിയില്ലാത്ത ബിസ്ക്കറ്റുകളും കഴിക്കുന്നു. എനിക്ക് കൗതുകമടക്കാനായില്ല. ഞാന്‍ അവിടെ നിന്ന് ചിരിച്ചു. അദ്ദേഹം അപ്പോള്‍ മുഖമുയര്‍ത്തി നോക്കി, എന്നെ നോക്കി തിരിച്ചും ചിരിച്ചിട്ട് സൗമ്യമായി പറഞ്ഞു, നിങ്ങള്‍ മിസ്സിസ് നായിഡു അല്ലെ, അല്ലാതാര്‍ക്കും ഇങ്ങനെ ചിരിക്കാന്‍ ധൈര്യമുണ്ടാകില്ല’.
നായിഡുവുമായുള്ള തന്റെ ആദ്യകൂടികാഴ്ചയെക്കുറിച്ച് ഗാന്ധിയും ‘സത്യാന്വേഷണ പരീക്ഷണങ്ങളി’ല്‍ വിവരിക്കുന്നുണ്ട്. ‘പ്രിയപ്പെട്ട സഹോദരി’ എന്ന് ഗാന്ധി നായിഡുവിന്റെ സംബോധന ചെയ്യുമ്പോള്‍ പ്രിയ സുഹൃത്തെ എന്ന് നായിഡു തിരിച്ച് സംബോധന ചെയ്യുമായിരുന്നു. നായിഡുവിനുള്ള ഗാന്ധിയുടെ കത്തുകളില്‍ പലതിലും അവരെ ‘മീരാഭായ്’ എന്നാണ് ഗാന്ധി സംബോധന ചെയ്യുന്നത്. മിക്കിമൗസെന്നും സമാധാനത്തിന്റെ കാവല്ക്കാരനെന്നും മറ്റുമാണ് നായിഡു ഗാന്ധിയെ തിരിച്ച് വിശേഷിപ്പിക്കുന്നത്. ഗാന്ധിയുടെ മരണം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നായിഡു ബ്രോഡ്കാസ്റ്റിലൂടെ ഉറക്കെ പറഞ്ഞു, ‘എന്റെ പിതാവേ, വിശ്രമിക്കരുതേ’.
ഭാരത കോകിലം / ഇന്ത്യയുടെ വാനമ്പാടി
സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം (ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്. ഗാന്ധിജിയാണ് അവര്‍ക്ക് ആ പേര് നല്കിയതും. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രിഷോള്‍ഡ്’ 1912ല്‍ പുറത്തിറങ്ങി. തുടര്‍ന്ന് 1912ല്‍ ‘ദ ബേര്‍ഡ് ഓഫ് ടൈം’ 1917ല്‍ ‘ദ ബ്രോക്കണ്‍ വിംഗ്’ എന്നീ കവിത സമാഹാരങ്ങള്‍ പുറത്തുവന്നു. ‘ദ അംബാസിഡര്‍ ഓഫ് ഹിന്ദു-മുസ്ലീം യൂണിറ്റി’ എന്ന പേരില്‍ മുഹമ്മദലി ജിന്നയുടെ ജീവചരിത്രം അവര്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് പുറത്തുവന്നവയില്‍ ശ്രദ്ധേയമായ കവിതാ സമാഹാരങ്ങള്‍ ‘ദ വിസാഡ് മാസ്ക്’ ‘ദ ട്രഷറി ഓഫ് പോയംസ്’ എന്നിവയാണ്. പാടാനും സാധിക്കുന്ന മനോഹരവും താളാത്മകവുമായ വരികളുടെ പേരില്‍ അവര്‍ക്ക് ‘ഭാരത കോകില’ എന്ന പേര് ലഭിച്ചു.
സ്ത്രീവിമോചനവാദി
സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ല്‍ മൊണ്ടേഗുവിന് സമര്‍പ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനി നായിഡുവാണ്. ദണ്ഡിയാത്രയില്‍ പുരുഷന്മാരെ മാത്രം ഉള്‍പ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തുവാന്‍ ഗാന്ധിജി തയാറായത്.
മരണം
എഴുപതാം വയസ്സില്‍ 1949 മാര്‍ച്ച് രണ്ടിന് അലഹബാദിലായിരുന്നു അന്ത്യം.
ജന്മദിനം, ഇന്ത്യയിലെ വനിതാ ദിനം
സരോജിനി നായിഡുവിന്റെ ആജീവനനാന്ത സംഭാവനകളും സ്ത്രീ വിമോചനത്തിനായുള്ള അവരുടെ സംഭാവനകളും പരിഗണിച്ച്, അവരുടെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയില്‍ ദേശീയ വനിതാ ദിനമായി ആചരിക്കുന്നു.