Tuesday, November 26, 2024

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1000 കടന്നു; വിദേശസഹായം തേടി താലിബാന്‍ സര്‍ക്കാര്‍

ബുധനാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 600-ലധികം പേര്‍ക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് അഫ്ഗാനിലെ കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.

നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളും മലഞ്ചെരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

‘നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇസ്ലാമിക് എമിറേറ്റിന്റെ രക്ഷാസംഘം എത്തിയിട്ടുണ്ട്, പ്രദേശവാസികളുടെ സഹായത്തോടെ മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ്,’ കഠിനമായി ബാധിച്ച പക്തിക പ്രവിശ്യയിലെ ഒരു ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.

രണ്ട് ദശാബ്ദക്കാലത്തെ യുദ്ധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യം ഏറ്റെടുക്കുകയും ഉപരോധങ്ങള്‍ കാരണം അന്താരാഷ്ട്ര സഹായങ്ങള്‍ നിരസിക്കപ്പെടുകയും ചെയ്ത താലിബാന്‍ സര്‍ക്കാരിന് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. താലിബാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസില്‍ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബര്‍ ഗിരാര്‍ഡറ്റ് പറഞ്ഞു.

 

Latest News