Tuesday, November 26, 2024

അഭയ കേസ്; വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം

അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.

ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്ക് ജീവപര്യന്തവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.

2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇരുവരും കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സി. അഭയ കേസിലെ വിധി അഭയയോടോ പ്രതി ചേര്‍ക്കപ്പെട്ടവരോടോ നീതി പുലര്‍ത്തുന്നതായിരുന്നില്ല എന്ന രീതിയില്‍ പ്രമുഖര്‍ അടക്കം നിരവധിയാളുകള്‍ അന്ന് പ്രതികരിച്ചിരുന്നു.

Latest News