Friday, January 31, 2025

പാകിസ്താനില്‍ പേപ്പര്‍ പ്രതിസന്ധി രൂക്ഷം; അടുത്ത അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കില്ല

പാകിസ്താനില്‍ പേപ്പര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാകില്ലെന്ന് പാകിസ്താന്‍ പേപ്പര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. പേപ്പര്‍ വ്യവസായ മേഖലയിലെ പ്രാദേശിക കുത്തകകളും, സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.

പേപ്പറിന് വലിയ വിലയാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. ഉയര്‍ന്ന വില വര്‍ധന കാരണം പുസ്തക പ്രസാധകര്‍ക്ക് വില നിശ്ചയിക്കാന്‍ കഴിയുന്നില്ലെന്നും അധികൃതര്‍ പറയുന്നു. സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പോലും നടത്താനായിട്ടില്ല.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഊര്‍ജ്ജമേഖലയിലുള്‍പ്പെടെയുള്ള നിക്ഷേപങ്ങളുടേയും, കടമെടുത്ത തുകയും മറ്റുമായി ചൈനയ്ക്ക് വലിയ തോതില്‍ പാകിസ്താന്‍ പണം തിരിച്ചടക്കാനുണ്ട്. ചൈനയ്ക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 30 വര്‍ഷത്തിനിടെ 13ഓളം വായ്പകളാണ് പാകിസ്താന്‍ എടുത്തിട്ടുള്ളത്. ഇതൊന്നും തിരിച്ചടയ്ക്കാന്‍ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.

 

Latest News