കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷന്. കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദ്ദേശം. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ സിനിമകളില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കും മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ ശക്തമായ ലൈറ്റിന് മുന്പില് നിര്‍ത്തി അഭിനയിപ്പിക്കരുത്. ഇതിന് പുറമേ തീവ്രമായ മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
സിനിമാ-പരസ്യ ചിത്രീകരണങ്ങളില്‍ കുട്ടികളുമായി കരാറുണ്ടാക്കാന്‍ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിംഗിനായി ഉപയോഗിക്കാന്‍ പാടുള്ളു. ഷൂട്ടിംഗിനിടെ കുട്ടികള്‍ക്ക് മൂന്ന് മണിക്കൂര്‍ ഇടവേള നല്‍കണം. ലോക്കേഷനിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ കാണ്മേ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്നും ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങളില്‍ വീഴ്ചവരുത്തിയാല്‍ നിര്‍മ്മാതാവിന് മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.