2008ലെ മുംബൈ ഭീകരാക്രമണത്തിത്തിന് സാമ്പത്തിക സഹായം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ പ്രവര്‍ത്തകന്‍ സാജിദ് മജീദ് മിറിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് സാജിദ് മജീദ് മിറിനെ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
കോടതിയില്‍ രഹസ്യ വിചാരണയിലായിരുന്നു ശിക്ഷ വിധിച്ചത്. മിറിന് ശിക്ഷ വിധിച്ച കാര്യം പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചില്ല. ഏപ്രിലിലാണ് മിര്‍ അറസ്റ്റിലായത്. കോട് ലഖ്പത് ജയിലിലായിരുന്നു ഇയാളെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതിക്ക് 400,000 രൂപ പിഴയും കോടതി വിധിച്ചു. മിര്‍ മരിച്ചതായി നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാനാണ് മിറിനെതിരെ അതിവേഗം നടപടിയെടുത്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാല്‍ എഫ്ടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്‍. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണത്തിലെ പങ്കിനെ തുടര്‍ന്ന് സാജിദ് മിര്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്.
മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജര്‍ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് 2005ല്‍ മിര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന് ലാഹോര്‍ എടിസി തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ 68 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.