28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷം സി. അഭയ കൊലക്കേസിലെ ഒന്നും മൂന്നും പ്രതികളായി വിചാരണകോടതി വിധിച്ച ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണം എന്ന ഇവരുടെ ആവശ്യം ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചുകൊണ്ട് ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു.
ഹര്‍ജിയിലെ വാദം
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും പിഴയും സി. സെഫിക്ക് ജീവപര്യന്തം കഠിനതടവും പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു അപ്പീല്‍. കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നും തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നുമായിരുന്നു ഹര്‍ജിയില്‍ ഫാ. കോട്ടൂരും സി. സെഫിയും ആരോപിച്ചത്. ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിന് ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അര്‍ഹരാണെന്നും ഹര്‍ജിയില്‍ വാദിച്ചു.
പ്രോസിക്യൂഷന്റെ തെളിവുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകര്‍ വാദങ്ങളുന്നയിച്ചത്. തെളിവുകളും വസ്തുതകളും വിചാരണകോടതി വിശദമായി പരിശോധിച്ചാണ് വിധി പറഞ്ഞതെന്നും ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐയ്ക്കുവേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ പി. സൂര്യകിരണ്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ വസ്തുതകളും പൊരുത്തക്കേടുകളും ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയ ഡിവിഷന്‍ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ പി. വിജയഭാനു, ബി. രാമന്‍പിള്ള, അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ എന്നിവരാണ് ഹാജരായത്.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഗുരുതര പരാമര്‍ശങ്ങള്‍
വിചാരണകോടതി ആശ്രയിച്ച വസ്തുതകള്‍ വിലയിരുത്തിയാണ് ഫാ. തോമസ് കോട്ടൂരിനും സി. സ്റ്റെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉത്തരവിലുള്ളത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു…
കേസിന്റെ മെഡിക്കല്‍ രേഖകളിലും, ബന്ധപ്പെട്ട വിദഗ്‌ദ്ധോപദേശങ്ങളിലും വൈരുധ്യമുണ്ട്. കേസിലെ നിര്‍ണായക സാക്ഷിയായ അടക്ക രാജുവിന്റെ മൊഴികളില്‍ സംശയമുണ്ട്. കാരണം, സംഭവദിവസം രാത്രി കോണ്‍വെന്റിന്റെ അഞ്ചാം നിലയില്‍ നിന്നയാള്‍ ഫാ. കോട്ടൂരാണെന്ന് അടുത്ത പറമ്പിലെ കൊക്കോമരത്തിലിരുന്ന തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന രാജുവിന്റെ മൊഴി വിശ്വസിക്കാനാവില്ല. കൂടാതെ, രാജു അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും വിചാരണ സമയത്ത് പറഞ്ഞതും മൂന്നുതരത്തിലാണ്.
അഭയയുടെ കഴുത്തില്‍ ഫോട്ടോഗ്രാഫര്‍ കണ്ടതായി പറയുന്ന നഖത്തിന്റെ പാടും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ വിചാരണകോടതി പരിഗണിച്ചിരുന്നു. ഇത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പോലും ശ്രദ്ധിച്ചിട്ടില്ല. നഖപ്പാടിന്റെ ഫോട്ടോപോലും ഹാജരാക്കിയിട്ടില്ല എന്നത് വിചാരണകോടതി കണക്കിലെടുത്തില്ല.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കോടാലി ആണെന്ന് പറഞ്ഞത് പിന്നീട് കൈക്കോടാലിയായി. ആയുധം ഇതുവരെ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അസാന്മാര്‍ഗികതയല്ല മറിച്ച് കൊലപാതകമാണ് കുറ്റകൃത്യം. ഫാ. തോമസ് കോട്ടൂരിന് സി. സെഫിയുമായി നിഷിദ്ധമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചാല്‍ പോലും ശക്തമായ സാഹചര്യങ്ങളില്ലാത്ത കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പറയാനാവില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഭയ തൂങ്ങിമരിച്ചതായാണുള്ളത്. ശരീരത്തിലേറ്റ മുറിവും മരണകാരണമായേക്കാം എന്ന റിപ്പോര്‍ട്ട് കണക്കിലെടുക്കാനാവില്ല.
ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ ഫാ. കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും പ്രതികള്‍ കുറ്റക്കാരാണെന്നതിന് തെളിവാകുകയില്ല. കേസിന്റെ അപ്പീല്‍ നിലവിലുള്ളതിനാല്‍ ഇത്തരം വസ്തുതകളിലേക്ക് കൂടുതല്‍ കടക്കാനാവില്ല.
സിബിഐ നിരത്തിയ 9 സാഹചര്യത്തെളിവുകള്‍ക്കും ബലമില്ല
ഫാ. കോട്ടൂരും സി. സെഫിയും കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ സിബിഐ നിരത്തിയ ഒമ്പത് സാഹചര്യത്തെളിവുകള്‍ക്ക് ബലമില്ലെന്നും വിലയിരുത്തിയാണ് ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
സിബിഐയ്ക്കുവേണ്ടി ഹാജരായ അഡി. സോളിസ്റ്റര്‍ ജനറല്‍ പി. സൂര്യകിരണ്‍ റെഡ്ഡിയുടെ വാദം തള്ളിയ കോടതി പ്രതിഭാഗം ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകള്‍ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തി. പ്രതികള്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാന്‍ ഇവ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി.
സിബിഐ നിരത്തിയ 9 സാഹചര്യത്തെളിവുകള്‍
1. കോണ്‍വെന്റ് ഹോസ്റ്റലിലെ അടുക്കള അലങ്കോലമായി കിടന്നു.
2. താഴത്തെ നിലയിലെ മുറിയില്‍ സിസ്റ്റര്‍ സെഫി മാത്രമാണ് ഉണ്ടായിരുന്നത്.
3. ഹോസ്റ്റലില്‍ ഫാ. തോമസ് കോട്ടൂരിന്റെ സാന്നിദ്ധ്യം.
4. തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം.
5. കോട്ടൂരുമായുള്ള ബന്ധം സാക്ഷികളായ ഡോക്ടര്‍മാരോട് സെഫി തുറന്നു പറഞ്ഞു.
6. കന്യകാത്വം നഷ്ടപ്പെട്ടത് മറയ്്ക്കാന്‍ സി. സെഫി മെഡിക്കല്‍ സഹായം തേടി.
7. കുറ്റകരമായ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടു.
8. അഭയ ആത്മഹത്യ ചെയ്തതാണെന്ന പ്രതികളുടെ വിചിത്ര വാദം.
9. നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു.
ഹൈക്കോടതിയുടെ വിലയിരുത്തല്‍
അടുക്കള അലങ്കോലമായതോ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും അടുക്കളയില്‍ കണ്ടതോ സിസ്റ്റര്‍ സെഫി താഴത്തെ നിലയില്‍ തനിച്ചായിരുന്നതോ കുറ്റക്കാരാക്കാന്‍ പര്യാപ്തമല്ല. സ്ഥലത്തെത്തിയ എസ്.ഐ മാത്രമാണ് പരിസരത്ത് കൈക്കോടാലി കണ്ടെത്തിയത്. അഭയയുടെ തലയ്ക്ക് ഇതുപയോഗിച്ച് അടിച്ചെന്ന് പറയുമ്പോള്‍ കൈക്കോടാലി കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയില്ല.
രാത്രി മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഫാ. തോമസിനെ കണ്ടെന്നുപറഞ്ഞ അടയ്ക്കാരാജു പോലീസിന് നല്‍കിയ മൊഴിയിലും പിന്നീട് നല്‍കിയ രഹസ്യമൊഴിയിലും വൈരുദ്ധ്യം. മോഷ്ടിച്ച വാട്ടര്‍ മീറ്ററുകള്‍ കണ്ടെടുത്തിട്ടില്ല. രണ്ടു മുതല്‍ അഞ്ചു മണിവരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്ന് ഇയാള്‍ പറയുമ്പോള്‍ കുറ്റകൃത്യം കണ്ടിട്ടുണ്ടാവണം. പക്ഷേ, സംഭവത്തിന് ദൃക്‌സാക്ഷികളില്ല.
തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് ഫാ. തോമസ് പറഞ്ഞെന്ന കളര്‍കോട് വേണുഗോപാലിന്റെ മൊഴി വിചിത്രമാണ്. ഇത് അംഗീകരിച്ചാല്‍ത്തന്നെ ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസിലല്ല. അവിഹിതബന്ധമുള്ളതുകൊണ്ടു മാത്രം കുറ്റത്തില്‍ പങ്കാളിയാണെന്ന് പറയാനാവില്ല.
സെഫി കന്യാകാത്വം നഷ്ടപ്പെട്ടത് മറച്ചുവച്ചെന്ന് പറയുന്നു. അവര്‍ സ്വഭാവദൂഷ്യത്തിനല്ല വിചാരണ നേരിട്ടത്. ഇതൊന്നും കുറ്റകൃത്യവുമായോ ഫാ. കോട്ടൂരുമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ല. കേസിന്റെ മെഡിക്കല്‍ രേഖകളിലും ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധോപദേശങ്ങളിലും വൈരുദ്ധ്യമുണ്ട്.
വൈകിവന്ന നീതി
അഭയാ കേസില്‍ ജാമ്യം അനുവദിച്ച വിധി വൈകിവന്ന നീതിയാണെന്ന് ക്നാനായ സഭാ പാസ്റ്രറല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയ് ഇടയാടി പ്രസ്താവനയില്‍ പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്നും ഫാ. കോട്ടൂരും സി. സെഫിയും കേസില്‍ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാ കേസില്‍, സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും തിരുവനന്തപുരം സിബിഐ വിചാരണ കോടതി ശിക്ഷ നല്‍കിയത് 2020 ഡിസംബര്‍ 20- നായിരുന്നു. ആ വിധിക്കു മുന്‍പും പിന്‍പും വന്ന ചില പഠനങ്ങളും പ്രതികരണങ്ങളും വിരല്‍ ചൂണ്ടിയത് നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു എന്നതിലേയ്ക്കായിരുന്നു. ഇപ്പോള്‍ 2022 ജൂണ്‍ 23 നു സിബിഐ വിചാരണ കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതിയുടെ വിധി വന്നപ്പോള്‍ അവരുടെ പഠനങ്ങളും വിലയിരുത്തലുകളും ശരിയായിരുന്നു എന്നുതന്നെ മനസിലാക്കാം.