പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതു മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ എന്തു മറുപടി പറയും എന്നതായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ.
രാഹുലിന്റെ ഓഫീസ് അടിച്ചു തകര്‍ത്തത് സംബന്ധിച്ച് സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം കേരളത്തില്‍ നടപ്പാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.
കൂടാതെ യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുത്ത വസ്ത്രം ധരിച്ചാണ്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ്കുമാര് എന്നിവരാണ് പ്രതിഷേധ സൂചനയെന്നോണം കറുത്ത വസ്ത്രം ധരിച്ചെത്തിയത്.