Monday, November 25, 2024

‘പന്ത്രണ്ട്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ലിയോ തദേവൂസ്

ലിയോ തദേവൂസ്

‘മാറ്റിനിര്‍ത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാള്‍ അവരില്‍ ഒരാളായി മാറി, എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.’ ‘പന്ത്രണ്ട്’ എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ലിയോ തദേവൂസ് തന്റെ സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു.

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍, ലോനപ്പന്റെ മാമ്മോദീസ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലിയോ തദേവൂസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് ‘പന്ത്രണ്ട്’. ജൂണ്‍ 24 – ന് റിലീസായ ഈ ചിത്രം ഇതിനോടകം തന്നെ അതിന്റെ അവതരണ രീതികൊണ്ടും ദൃശ്യഭംഗികൊണ്ടും പ്രേക്ഷക മനസില്‍ ഇടംപിടിച്ചു കഴിഞ്ഞു. പ്രശസ്ത സിനിമാ സംവിധായകരായ ഭദ്രന്‍, സിബി മലയില്‍, നാദിര്‍ഷാ തുടങ്ങി നിരവധി ആളുകള്‍ ഈ സിനിമയുടെ ബ്രില്ല്യന്‍സിനെ പുകഴ്തുകയുമുണ്ടായി.

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ സിനിമ

‘പന്ത്രണ്ട്’ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. സാധാരണ പറയാത്ത കഥയും സാഹചര്യവുമാണ് ഈ സിനിമയില്‍. മറ്റൊരു പ്രധാന കാര്യം, സിനിമയുടെ ആഖ്യാന ശൈലിയുടെ പ്രത്യേകതയാണ്. ഈ സിനിമയുടെ തിരക്കഥ വളരെ വ്യത്യസ്തമായ രീതിയില്‍ ആവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു കഥ എന്നതിനേക്കാള്‍ ഉപരി കുറെ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

‘പന്ത്രണ്ട്’ നല്‍കുന്ന സന്ദേശം

ഈ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ ഇമ്മാനുവേല്‍ കടന്നുവരുന്ന ഒരു സമൂഹമുണ്ട്. ആ സമൂഹത്തിനും അയാള്‍ ഇടപഴകുന്ന വ്യക്തികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. അവരെ സമൂഹം കാണുന്നത് മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരായിട്ടാണ്. സമൂഹത്തിന്റെ മുന്‍പില്‍, അവര്‍ അവിടുത്തെ ഗുണ്ടകളും മോശപ്പെട്ട ജീവിതം നയിക്കുന്നവരുമൊക്കെയാണ്. അത്തരത്തിലുള്ള സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാളാണ് കേന്ദ്രബിന്ദുവായി മാറുന്നത്. പക്ഷേ, അയാള്‍ അവരില്‍ ഒരാളായി മാറുക എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറുകയായിരുന്നു. അതാണ് കഥയുടെ മര്‍മ്മം. തെറ്റിപ്പോയവനെ മാറ്റി നിര്‍ത്തുവാനല്ല, ചേര്‍ത്ത് നിറുത്താനാണ് ഇമ്മാനുവേല്‍ ഞങ്ങളെ പഠിപ്പിച്ചതെന്ന് സിനിമയുടെ അവസാനം മറ്റു കഥാപാത്രങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അതുതന്നെയാണ് ഈ സിനിമയുടെ കാതലായ ആശയവും.

‘പന്ത്രണ്ട്’ സിനിമയിലെ അഭിനേതാക്കള്‍ മികവാര്‍ന്ന അഭിനയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ചവരാണ്. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ നടീ-നടന്‍മാര്‍ തന്നെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുക എന്നതാണ് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ ദൗത്യം. നടന്‍ വിനായകനുമായി വര്‍ഷങ്ങളായുള്ള സൗഹൃദം ലിയോ തദേവൂസിനുണ്ട്. മറ്റു പല അഭിനേതാക്കളുമായും അതുപോലെ തന്നെ. അങ്ങനെ സിനിമയിലെ അന്ത്രോസും പത്രോസുമൊക്കെ അനുയോജ്യരായ അഭിനേതാക്കളിലേക്ക് എത്തിച്ചേരുകയായിരുന്നു.

ഈ സിനിമയില്‍ ഇമ്മാനുവേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അധികം പരിചിതമല്ലാത്ത എന്നാല്‍, വലിയ ആകര്‍ഷണമുള്ള ഒരാള്‍ ആയിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ദേവ് മോഹന്‍ എന്ന നടന്‍ ഈ സിനിമയിലെ ഇമ്മാനുവേല്‍ ആകുന്നത്.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലെ ഷൂട്ടിംഗ് അനുഭവം

‘സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത് കോവിഡ് വളരെ രൂക്ഷമായ ഒരു സാഹചര്യത്തില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ പല സീനുകള്‍ ചെയ്യുമ്പോഴും നിരവധി ബുദ്ധിമുട്ടുകളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്‍സൈഡ് ഷൂട്ട് ചെയ്യേണ്ടവ ഒരു സ്ഥലത്ത് ചെയ്യണം, ബാക്കി മറ്റൊരു സ്ഥലത്തും ചെയ്യണം എന്നൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

ഉദാഹരണത്തിന് ഒരു വീടിന്റെ അകവും പുറവും ഒക്കെ ഷൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടെന്നു വയ്ക്കുക. എന്നാല്‍, വീടിന്റെ അകം മാത്രമേ ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഭാഗം ഷൂട്ട് ചെയ്യാന്‍ പറ്റില്ല. കാരണം കോവിഡ് കാരണം പുറത്തിറങ്ങി ഷൂട്ട് ചെയ്യാനുള്ള അനുമതിയില്ല! അങ്ങനെ നിരവധിതവണ ലൊക്കേഷന്‍ മാറേണ്ടി വന്നിട്ടുണ്ട്. പുറത്തുള്ള ഷൂട്ടിങ്ങിനായി ഞങ്ങള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോകേണ്ട അവസ്ഥ പോലും വന്നു. പുറം കടലിലുള്ള ഷൂട്ടിംഗ് ഒക്കെ ഒരുപാട് വെല്ലുവിളികള്‍ക്കിടയില്‍ ചിത്രീകരിച്ചതാണ്.’ – ലിയോ തദേവൂസ് വെളിപ്പെടുത്തുന്നു.

ഡയലോഗുകളെക്കാള്‍ ചിത്രങ്ങള്‍ കഥ പറയുന്ന സിനിമ

ഈ സിനിമയിലെ ഡയലോഗുകളെക്കാള്‍ ചിത്രങ്ങള്‍ – വിഷ്വലുകള്‍ – കഥ പറയുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദൃശ്യങ്ങളിലൂടെ കഥ എങ്ങനെ പറയാന്‍ പറ്റുമോ അങ്ങനെ കഥ പറയണം എന്നൊരു നിര്‍ബന്ധവും സംവിധായകനുണ്ടായിരുന്നു. കേരളത്തിലും നാഗര്‍കോവിലിലും ആയിട്ടായിരുന്നു കടലിന്റെ ചിത്രീകരണം നടന്നത്.

ഒരു രീതിയില്‍ നോക്കിയാല്‍, ബൈബിളിലെ കഥ പറയുന്ന ഒരു സിനിമയാണ് പന്ത്രണ്ട്; പ്രത്യേകിച്ച് പുതിയ നിയമ പുസ്തകത്തിലെ. ‘ബൈബിള്‍ കഥയോ, അയ്യേ’ എന്നാണ് ചോദ്യമെങ്കില്‍, ഈ ചിത്രം കണ്ടതിനു ശേഷം നാം മറിച്ചു ചിന്തിക്കും. ബൈബിളിലെ പുതിയ നിയമ പുസ്തകത്തിലെ സംഭവങ്ങളെ അതേപടി അവതരിപ്പിക്കുകയല്ല, മറിച്ച് സുവിശേഷത്തെ സമകാലിക പരിസരങ്ങള്‍ വെച്ചുകൊണ്ട് വ്യാഖ്യാനിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. സുവിശേഷത്തിലെ സംഭവങ്ങളെ അത് നടന്ന ക്രമത്തിലല്ല, മറിച്ച് ആ സംഭവങ്ങളെ വൈകാരികമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ സിനിമയില്‍ കഥ പറഞ്ഞിരിക്കുന്നത്. അതാണ് ഈ സിനിമയെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

കലാ -സിനിമാ ജീവിതത്തിന്റെ തുടക്കം

‘കത്തോലിക്കാ സഭയിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൊണ്ടാണ് ഞാന്‍ വളര്‍ന്നത്. സഭ ഒരുക്കി തന്ന സാധ്യതകളിലൂടെയും സാഹചര്യങ്ങളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ഒക്കെയാണ് വളര്‍ന്നുവന്നത്. സഹനങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ജീവിതത്തിലും പ്രൊഫഷണല്‍ ലൈഫിലും ഒക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നിരവധിപ്പേര്‍ സഹായമായി കൂടെ നിന്നിട്ടുണ്ട്. അതിനൊക്കെ എന്നും കടപ്പെട്ടിരിക്കുന്നു.’ -അദ്ദേഹം പറയുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദ്ദേവൂസിന്റെ വീട് കൊച്ചിയിലാണ്. ഭാര്യ ഡോ. ഷാലി, മക്കള്‍ ജസ്രേല്‍, ലില്ലീസ്.

മിയ

 

Latest News