Monday, November 25, 2024

വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു; മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

നിയമസഭയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് വന്നു. മാദ്ധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു. നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് തെറ്റായ പ്രവണതയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നത് മാദ്ധ്യമങ്ങള്‍ക്ക് വിലക്കി. ഇതിലൂടെ ജനങ്ങള്‍ക്ക് സംഭവങ്ങള്‍ അറിയാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത്. പി.ആര്‍.ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നു. ഇത് സ്വാതന്ത്ര്യത്തിന് തുരങ്കം വെയ്ക്കുന്നതാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പറയുന്നു.

സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ നടപ്പാക്കുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിലക്ക് വാച്ച് ആന്റ് വാച്ച് വാര്‍ഡിന് പറ്റിയ തെറ്റാണെന്നുള്ള നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. ഇതുവരെയില്ലാത്ത എന്ത് സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡിനെ മാദ്ധ്യമപ്രവര്‍ത്തകരെ വിലക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേയ്ക്കും നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു. വിലക്ക് എത്രയുംവേഗം പിന്‍വലിക്കണമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് എന്നിവര്‍ പറഞ്ഞു.

 

Latest News