ജര്‍മ്മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍, ലോകത്തെ ഏറ്റവും സമ്പന്നരായ ഏഴ് രാഷ്ട്രങ്ങളുടെ നേതാക്കള്‍, യുക്രെയ്നെ ‘എത്ര കാലം വേണമെങ്കിലും’ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. യുക്രെയ്‌നിലെ തുറമുഖങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത് തടയുന്നത് റഷ്യ അവസാനിപ്പിക്കണമെന്നും ജി 7 ഗ്രൂപ്പ് (കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് ) പ്രസ്താവനയില്‍ പറഞ്ഞു.
കരിങ്കടലിലെ യുക്രെയ്‌നിന്റെ തുറമുഖങ്ങള്‍ റഷ്യന്‍ സൈന്യം തടയുന്നത് തുടരുന്നതിനാല്‍ യുക്രെയ്‌നിന്റെ ഉയര്‍ന്ന മൂല്യമുള്ള ധാന്യ കയറ്റുമതിയില്‍ ഭൂരിഭാഗവും പ്രാദേശിക സംഭരണശാലകളില്‍ ചീഞ്ഞഴുകിപ്പോകുകയാണ്.
”യുക്രേനിയന്‍ തുറമുഖങ്ങളില്‍ നിന്ന് കാര്‍ഷിക, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലുള്ള റഷ്യയുടെ ആക്രമണങ്ങള്‍ നിബന്ധനകളില്ലാതെ അവസാനിപ്പിക്കാനും കാര്‍ഷിക ഷിപ്പിംഗ് സൗജന്യമായി കടത്തിവിടാനും ഞങ്ങള്‍ അടിയന്തിരമായി ആവശ്യപ്പെടുന്നു,” ജി7 പ്രസ്താവനയില്‍ പറയുന്നു.
‘സാമ്പത്തികവും മാനുഷികവും സൈനികവും നയതന്ത്രപരവുമായ പിന്തുണ ഞങ്ങള്‍ തുടര്‍ന്നും നല്‍കുകയും യുക്രെയ്‌നിനൊപ്പം നില്‍ക്കുകയും ചെയ്യും’. ജി7 അംഗങ്ങള്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യ ബെലാറസിന്റെ സഹായത്തോടെ യുക്രെയ്നെതിരെ നടത്തിയ ക്രൂരവും പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതും നിയമവിരുദ്ധവുമായ ആക്രമണത്തെ തങ്ങള്‍ അപലപിക്കുന്നതായും ജി7 അംഗങ്ങള്‍ പറഞ്ഞു.
സംയുക്ത പ്രസ്താവനയില്‍, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സര്‍ക്കാരിനും അയല്‍രാജ്യമായ ബെലാറസിനും എതിരായ ഉപരോധങ്ങള്‍ തുടരാനും തീവ്രമാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജി 7 നേതാക്കള്‍ പറഞ്ഞു. സ്വര്‍ണ്ണത്തിന്റെയും എണ്ണയുടെയും കയറ്റുമതിയില്‍ ഉപരോധം ഉണ്ടാകും, കൂടാതെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
റഷ്യന്‍ സേന യുക്രെയ്നിന് നേരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചകള്‍ നടന്നത്. സെന്‍ട്രല്‍ സിറ്റിയായ ക്രെമെന്‍ചുക്കില്‍ തിരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററില്‍ ഇക്കഴിഞ്ഞ ദിവസം റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായി. കുറഞ്ഞത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു.
യുക്രൈനു നേരെ വര്‍ദ്ധിച്ചുവരുന്ന റഷ്യന്‍ ആക്രമണത്തിനെതിരായ സമീപനത്തില്‍ ഒത്തുചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ജി7 നേതാക്കള്‍ക്കു നേരെ സമ്മര്‍ദ്ദമുണ്ടായിരുന്നു.
അതേസമയം വീഡിയോ ലിങ്ക് വഴി ഉച്ചകോടിയെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്റ് പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ ഭാരമേറിയ ആയുധങ്ങള്‍ക്കായി അഭ്യര്‍ത്ഥന നടത്തി. കഠിനമായ ശൈത്യകാല സാഹചര്യങ്ങള്‍ യുക്രെയ്‌നിന്റെ സൈനികര്‍ക്ക് യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കുമെന്ന് ആശങ്കയുള്ളതായും സെലന്‍സ്‌കി അറിയിച്ചു. കൂടുതല്‍ ഉപരോധങ്ങളുമായി റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പാശ്ചാത്യ സഖ്യകക്ഷികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.