സെന്‍ട്രല്‍ യുക്രേനിലെ ഒരു തീവ്രപരിചരണ വാര്‍ഡിലെ മുറിയില്‍, അഞ്ചുപേര്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അവരുടെയെല്ലാം മുറിവുകളില്‍ ഒട്ടിച്ചിരിക്കുന്ന ബാന്‍ഡേജുകളില്‍ രക്തം പുരണ്ടിരിക്കുന്നു. ഒരു മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പുറത്ത് സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുന്നു.
കൈവിന്റെ തെക്കുകിഴക്കുള്ള ക്രെമെന്‍ചുക് നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ തിങ്കളാഴ്ച ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ അനന്തരഫലമാണിത്. ‘അത് നരകതുല്യമായിരുന്നു’ എന്നാണ് പ്രസ്തുത സംഭവത്തെക്കുറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു വ്യക്തി പറഞ്ഞത്.
യുക്രെയ്നിലെ എമര്‍ജന്‍സി സര്‍വീസുകളുടെ കണക്കുകള്‍ പ്രകാരം, ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
‘ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം ഇത് ആറാം തവണയാണ് നഗരത്തില്‍ ബോംബാക്രമണം നടക്കുന്നത്. എന്നാല്‍ ഇതിനു മുമ്പ് ഇത്രയധികം ആളുകളെ ബാധിച്ചിട്ടില്ല’. ക്രെമെന്‍ചുക്കിലെ പബ്ലിക് ആശുപത്രിയിലെ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഒലെക്സാണ്ടര്‍ കോവലെങ്കോ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ ചികിത്സിക്കുന്നുണ്ടെന്നും അവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ഈ ആക്രമണം ആഗോള പ്രതിഷേധത്തിന് കാരണമായി. ജര്‍മനിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ജി7 രാജ്യങ്ങളുടെ നേതാക്കള്‍ പ്രസ്തുത സംഭവത്തെ അപലപിച്ചു. ഇത് ആകസ്മികമായ സംഭവമല്ലെന്നും ഇത് കരുതിക്കൂട്ടി നടത്തിയ സ്ട്രൈക്കാണെന്നും യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണ സമയത്ത് ഏകദേശം 1000 പേര്‍ മാളില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുമ്പ് നഗരത്തില്‍ 217,000 ജനസംഖ്യയുണ്ടായിരുന്നു. കാണാതായവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്താന്‍ മാളിനു സമീപത്തെ ഹോട്ടലില്‍ ആളുകള്‍ വരി നില്‍ക്കുകയാണ്. 40 ലധികം പേരെ കാണാതായതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്വേഷണം തുടരുകയാണ്.
‘ഞാന്‍ ഭര്‍ത്താവ് മൈക്കോളയ്ക്കൊപ്പം ഒരു ഇലക്ട്രോണിക്‌സ് സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു, സ്ഫോടനത്തില്‍ ഞാന്‍ വായുവിലേക്ക് പറന്നു പോയി. പിന്നെ ഞാന്‍ തറയില്‍ വീണു, ഞാന്‍ ബോധരഹിതയായോ അബോധാവസ്ഥയിലായോ എന്ന് എനിക്കറിയില്ല. എന്റെ കൈയ്ക്കും തലയ്ക്കും പൊട്ടലുണ്ട്’. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ലുഡ്മൈല മൈഖൈലെറ്റ്സ് (43) പറഞ്ഞു.
എയര്‍ റെയ്ഡ് സൈറണ്‍ കേട്ട് മാളിലെ ജീവനക്കാര്‍ പലരും അടുത്തുള്ള ബേസ്മെന്റിലേക്ക് പോയിരുന്നു. അതുകൊണ്ടു മാത്രം അവര്‍ക്കെല്ലാം ജീവന്‍ തിരിച്ചുകിട്ടി.