Sunday, November 24, 2024

കേരളകത്തോലിക്കാ രൂപതകള്‍ സംസ്ഥാനവ്യാപകമായി ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നു

വര്‍ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കെസിബിസി ഐക്യ – ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ഇടപെടലുകള്‍ ഉറപ്പാക്കാനും 2022 ജൂണ്‍ 7,8,9 തീയതികളില്‍ എറണാകുളത്ത് നടന്ന കെസിബിസി സമ്മേളനം തീരുമാനിച്ചു. അഞ്ച് പേര്‍ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപത തലത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള ജാഗ്രത സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30 തീയ്യതികളില്‍ കെസിബിസി ആസ്ഥാനമായ പി ഒ സിയില്‍ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ അറിയിച്ചു. സാമൂഹിക ഐക്യം സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്‌ക്കെതിരായുള്ള ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജാഗ്രത സമിതികള്‍ നേതൃത്വം നല്‍കുക.

രൂപതാതലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇടവക – ഫൊറോന തലങ്ങളില്‍ ജാഗ്രത കൂട്ടായ്മകള്‍ രൂപീകരിക്കുന്നത് വഴിയായി, സമീപകാലത്ത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ പ്രണയക്കെണികള്‍, വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വര്‍ഗീയ ധ്രുവീകരണം മുതലായ വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പുവരുത്തുകയാണ് കേരളകത്തോലിക്കാ സഭാനേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ സമയബന്ധിതവും വ്യക്തവുമായ പ്രതികരണങ്ങള്‍ ഈ നാളുകളില്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ നടത്തിവന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ സമൂഹത്തില്‍ നടത്താന്‍ ജാഗ്രതാ സമിതികളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News